
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ രമേഷ് പിഷാരടി. ''അദ്ദേഹമുൾപ്പെടെയുള്ള പല വേദികളിൽ ഞാൻ അദ്ദേഹത്തെ അനുകരിക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ അത് കാണുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ആക്ഷേപഹാസ്യങ്ങളൊക്കെ അതിരുവിട്ടു എന്ന് നമുക്ക് തന്നെ തോന്നുന്ന സാഹചര്യത്തിൽ പോലും അതിനെയൊക്കെ വളരെ സഹൃദയത്വത്തോടെ കാണാനും ചിരിക്കാനും ഒക്കെ മനസ് കാണിക്കുന്ന ഒരാളാണ്. പലപ്പോഴും പല നേതാക്കളും തെരഞ്ഞെടുപ്പ് സമയത്ത് നമ്മുടെ അടുത്തേക്ക് വരുന്നത് കാണാമെങ്കിലും പിന്നീട് നമുക്ക് അവരുടെ അടുത്തേക്ക് എത്താൻ പറ്റാത്ത ഒരു സാഹചര്യം നമ്മുടെ ഇടയിലുണ്ട്. എന്നാൽ ഉമ്മൻചാണ്ടി സാറിനെ സംബന്ധിച്ച് ഏറ്റവും സാധാരണക്കാരന് പോലും അടുത്തെത്താൻ പറ്റിയ,അവർക്കിടയിലൂടെ നടന്നിരുന്ന, അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുന്ന ഒരു മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോഴും എംഎൽഎ ആയിരിക്കുമ്പോേഴും ഏതൊരു സാഹചര്യത്തിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാനും പ്രായഭേദമെന്യേ എല്ലാവരെയും സ്വീകരിക്കാനും സ്നേഹിക്കാനും പറ്റിയ ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തിന്റെ നടുവിലാണ് നമ്മളെപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളത്.'' രമേഷ് പിഷാരടി മാധ്യങ്ങളോട് പ്രതികരിച്ചു.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. ആറു പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖമായി നിറഞ്ഞ നേതാവിന്റെ അന്ത്യം എഴുപത്തിയൊമ്പതാം വയസിലാണ്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഇന്ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പുതുപ്പള്ളി ഹൗസിലും സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും.
നാളെ രാവിലെ ഏഴിന് വിലാപയാത്ര ആയി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയത്തു തിരുനക്കര മൈതാനത്താണ് ആദ്യ പൊതുദർശനം. മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിൽ ആണ് സംസ്കാരം. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.