
തമിഴ് സിനിമാ ലോകത്തിപ്പോൾ നടൻ രവി മോഹനും മുൻ ഭാര്യ ആരതിയും തമ്മിലുള്ള തർക്കങ്ങളാണ് ചർച്ചാ വിഷയം. ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം രവി പൊതുവേദിയിൽ എത്തിയത് അടുത്തിടെ ആരതിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. അച്ഛനില്ലാത്ത ആൺമക്കളെ താൻ എങ്ങനെ വളർത്തുമെന്നെല്ലാം പറഞ്ഞ് ആരതി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ തന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടി രവി ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചതാണെന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നു. ഇതിന് മറുപടി എന്നോണം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് രവി മോഹൻ. ശാരീരികമായ പീഡനമടക്കം നേരിട്ടതോടെയാണ് സഹിക്കെട്ട് താൻ ആരതിയുമായുള്ള ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയതെന്ന് രവി പറയുന്നു.
തന്റെ മാതാപിതാക്കളെ പോലും കാണാൻ അവർ അനുവദിച്ചില്ലെന്നും കൂട്ടിലടച്ച അവസ്ഥ ആയിരുന്നു തനിക്കെന്നും രവി മോഹൻ പറയുന്നു. "മക്കളെ ഞാൻ മറന്നിട്ടില്ല. അവരെ കാണാതിരിക്കാൻ ബൗൺസേഴ്സിനെ പോലും ആരതി നിയമിച്ചു. മക്കൾ എന്നും എന്റെ പ്രിയപ്പെട്ടവരാണ്. അവർക്കുണ്ടായ വാഹനാപകടം പോലും എന്നെ അറിയിച്ചില്ല. എന്റെ മൗനം ഒരിക്കലും കുറ്റബോധത്തിന്റേത് അല്ല. മനസമാധാനത്തിന് വേണ്ടിയാണ്. നിയമപരമായാണ് ഞാൻ എല്ലാം ചെയ്യുന്നത്. വിശ്വാസത്തോടെ നീതിക്ക് വേണ്ടി പോരാടുകയാണ്. എന്റെ സത്യത്തെയും നീതിയേയും മുൻനിർത്തി തന്നെ ഞാൻ പോരാടും. പേരിലും പ്രശസക്തിക്കും വേണ്ടി കൃത്രിമമായ സഹതാപം സൃഷ്ടിക്കാൻ മുൻ വിവാഹ ബന്ധത്തിലെ ആരെയും അനുവദിക്കില്ല. എന്നെകൊണ്ട് കഴിയുന്ന രീതിയിൽ മുൻ ഭാര്യയേയും കുടുംബത്തെയും സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അവർക്ക് ഞാൻ പൊൻമുട്ടയിടുന്ന താറാവായിരുന്നു", എന്നും രവി മോഹൻ പറഞ്ഞു.
"ഇതെനിക്ക് കളിയല്ല. എന്റെ ജീവിതമാണ്. എന്റെ സത്യമാണ്. സത്യം വെളിച്ചത്ത് വരുമെന്ന് വിശ്വസിക്കുന്നു. വർഷങ്ങളോളം ശാരീരികമായും മാനസികമായും സാമ്പത്തികമായും നിറയെ പീഡനങ്ങൾ ഞാൻ അനുഭവിച്ചു. കഴിഞ്ഞ 16 വർഷം ഞാൻ അനുഭവിച്ചതാണ്. ആ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ഞാൻ പരമാവതി ശ്രമിച്ചിരുന്നു. പക്ഷേ ജീവിക്കാൻ കഴിയാത്ത അവസ്ഥയായി പോയി. അങ്ങനെയാണ് ബന്ധം ഉപേക്ഷിച്ചത്. സഹതാപത്തിനുള്ള ഉപകരണമായി എന്റെ കുട്ടികളെ വരെ മുൻ ഭാര്യ ഉപയോഗിക്കുന്നു. സഹിക്കാനാകാത്ത വിഷമമുണ്ട്. മുൻ ഭാര്യയുമായുള്ള ബന്ധം വേർപിരിയാനാണ് ഞാൻ തീരുമാനിച്ചത്. മക്കളെ പിരിയാനല്ല. അച്ഛനെന്ന നിലയിൽ അവർക്ക് വേണ്ടത് മികച്ച രീതിയിൽ തന്നെ ഞാൻ ചെയ്യും", എന്നും രവി മോഹൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..