അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രീനിവാസനുമായുള്ള ഓർമ്മകൾ പങ്കുവെക്കുകയും മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.

ചെന്നൈ: ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ രജനീകാന്ത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'സുഹൃത്ത് ശ്രീനിവാസൻ വിടവാങ്ങിയെന്നത് ഞെട്ടിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ക്ലാസ്മേറ്റായിരുന്നു അദ്ദേഹം. വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു' എന്നും രജനീകാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രജനീകാന്തും ശ്രീനിവാസനും ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികളായിരുന്നു. രജനി സീനിയർ വിദ്യാർത്ഥിയായിരുന്നു. ഇരുവരും പഠനകാലത്ത് നല്ല സുഹൃത്തുക്കളല്ലെങ്കിലും പിന്നീട് സിനിമകളിലൂടെ ഒന്നിച്ചു. ശ്രീനിവാസൻ സംവിധാനം ചെയ്ത 'കഥ പറയുമ്പോൾ' പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഇരുവരുടെയും സൗഹൃദം ചർച്ച ചെയ്യപ്പെട്ടിരുന്നു.

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സിനിമാ ലോകത്തുള്ള നിരവധി പേര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

സത്യൻ അന്തിക്കാട്:

വാക്കുകൾ പൂർത്തിയാക്കാനാവാതെ വിതുമ്പിക്കൊണ്ടാണ് സത്യൻ അന്തിക്കാട് തന്റെ പ്രിയ സുഹൃത്തിനെ ഓർത്തത്. രണ്ടാഴ്ച കൂടുമ്പോൾ ശ്രീനിവാസനെ സന്ദർശിക്കാറുണ്ടായിരുന്നെന്നും, ഈ തിരഞ്ഞെടുപ്പ് കാലത്തും 'സന്ദേശം' എന്ന സിനിമയുടെ പ്രസക്തിയെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കുകളിൽ നിന്ന് ശ്രീനിവാസൻ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു താനെന്ന് സത്യൻ അന്തിക്കാട് വികാരാധീനനായി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ:

അഭിനയത്തിൽ സൗന്ദര്യശാസ്ത്രത്തിന് സ്ഥാനമില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയെന്നും സാധാരണക്കാരന്റെ ജീവിതത്തിന് അദ്ദേഹം അർത്ഥവത്തായ ഭാഷ്യം നൽകിയെന്നും മന്ത്രി പറഞ്ഞു.

മുകേഷ് (നടൻ, എംഎൽഎ):

43 വർഷത്തെ ഉറ്റ സൗഹൃദമായിരുന്നു തങ്ങൾക്കെന്ന് മുകേഷ് ഓർമ്മിച്ചു. തിരക്കഥകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത, കൃത്യമായ ചോദ്യങ്ങൾ ചോദിക്കുന്ന 'ഷാർപ്പ്' ആയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആ പ്രസിദ്ധമായ ചിരിയും നിലപാടുകളും മലയാള സിനിമയ്ക്ക് എന്നും നഷ്ടമായിരിക്കുമെന്ന് മുകേഷ് പറഞ്ഞു.

മന്ത്രി കെ.ബി. ഗണേഷ് കുമാർ:

ലോകത്തെവിടെയുമുള്ള മലയാളി ഒരു ദിവസമെങ്കിലും ശ്രീനിവാസന്റെ ഒരു ഡയലോഗ് പറയാതെ കടന്നുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിരി മാത്രമല്ല, മലയാളികളെ ചിന്തിപ്പിക്കുക കൂടി ചെയ്ത അപൂർവ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത തീരാനഷ്ടമാണെന്നും ഗണേഷ് കുമാർ അനുസ്മരിച്ചു.

എം.വി. ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി):

ഗൗരവമുള്ള വിഷയങ്ങൾ സരസമായി അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ കാട്ടിയ മിടുക്കിനെ അദ്ദേഹം പ്രശംസിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഒരു നല്ല ലോകം സൃഷ്ടിക്കപ്പെടണമെന്ന് ആഗ്രഹിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും, ശ്രീനിവാസന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

YouTube video player