'ഏങ്കളെ കൊത്തിയാലും ഈങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര, സവര്‍ണ്ണ മേനോനോട് പുച്ഛം'; സന്തോഷ് കീഴാറ്റൂര്‍

By Web TeamFirst Published Nov 1, 2019, 8:59 AM IST
Highlights

'ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര, പിന്നെ നാങ്കളും ഈങ്കളും തമ്മിൽ എന്താ വ്യത്യാസം'- സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂര്‍: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. 'കേരള പിറവി ദിനത്തിൽ സവർണ്ണ മേനോനോട് പുച്ഛം മാത്രമാണെന്ന്' സന്തോഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

ന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞതെന്നാണ് കോളേജ് ഭാരവാഹികള്‍ പറഞ്ഞത്. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ്  പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തിയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല. നേരെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു. 

വേദിയില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സംവിധായകന്‍  അനില്‍ രാധാകൃഷ്ണമേനോന് നേരെ ഉയരുന്നത്. 

സന്തോഷ് കീഴാറ്റൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള പിറവി ദിനത്തിൽ
സവർണ്ണമേനോനോട്
പുച്ഛം.......
ജീവിക്കാൻ നടക്കുന്ന
ബിനീഷിനോട് സ്നേഹം

ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര
ഈങ്കളെ
കൊത്തിയാലും
ഒന്നല്ലെ ചോര
പിന്നെ
നാങ്കളും
ഈങ്കളും
തമ്മിൽ എന്താ വ്യത്യാസം.....
... #നടൻബിനീഷ്ബാസ്റ്റിന്റെകൂടെ #

click me!