ഇന്ദ്രന്‍സ് ടൈറ്റില്‍ റോളില്‍ എത്തുന്ന ആശാന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവെന്‍റില്‍ സംസാരിക്കവെയാണ് മമ്മൂട്ടി ഈ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത്

മമ്മൂട്ടിയെപ്പോലെ പുതിയ സിനിമകള്‍ കൃത്യമായി കണ്ട് വിലയിരുത്തുന്ന മറ്റൊരു താരം യുവതലമുറയില്‍ പോലും ഉണ്ടാവില്ല. വലിയ സിനിമാപ്രേമികള്‍ പോലും ഒഴിവാക്കുന്ന ചെറിയ സിനിമകള്‍ പോലും അദ്ദേഹം കൃത്യമായി കാണാറുണ്ട്. കണ്ട് ഇഷ്ടമായാല്‍ അണിയറക്കാരെ അത് നേരിട്ട് അറിയിക്കാറുമുണ്ട്. തിയറ്റര്‍ വിജയം നേടാത്ത പല ചിത്രങ്ങളും പിന്നീട് ഒടിടിയിലും കാണികളാല്‍ തിരസ്കരിക്കപ്പെടുമ്പോഴും മമ്മൂട്ടി അത് കാണും. പിന്നീട് പല അവസരങ്ങളിലും അതത് ചിത്രങ്ങളുടെ അണിയറക്കാര്‍ തന്നെ അതേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ഇന്ദ്രന്‍സ് മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച രണ്ട് ചിത്രങ്ങളെക്കുറിച്ച് മമ്മൂട്ടി അടുത്തിടെ ഒരു വേദിയില്‍ പറഞ്ഞിരുന്നു. ആ ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലെന്നും അദ്ദേഹം സദസ്സില്‍ ഉള്ളവരോട് പറഞ്ഞിരുന്നു. ആ രണ്ട് സിനിമകള്‍ ഒടിടിയില്‍ എവിടെ കാണാനാവും എന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

മമ്മൂട്ടി പറഞ്ഞ ഇന്ദ്രന്‍സ് ചിത്രങ്ങള്‍

ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തിയ ജലധാര പമ്പ്സെറ്റ് സിന്‍സ് 1962, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടന്‍റെ ഷിനി​ഗാമി എന്നീ ചിത്രങ്ങളെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. ഇന്ദ്രന്‍സ് ടൈറ്റില്‍ റോളില്‍ എത്തുന്ന ആശാന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവെന്‍റില്‍ സംസാരിക്കവെയാണ് മമ്മൂട്ടി ഈ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത്. “ഇന്ദ്രന്‍സ് ആദ്യകാല സിനിമകളിലൊക്കെ അഭിനയിക്കുമ്പോള്‍ ഒരു തരം ബോഡി ഷെയ്മിം​ഗ് റോളുകള്‍ ആയിരുന്നു അദ്ദേഹത്തിന്‍റേത്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ ചില സിനിമകള്‍ കാണുമ്പോള്‍ അന്തംവിട്ട് ഇരുന്ന് പോയിട്ടുണ്ട്. ജലധാര പമ്പ് സെറ്റ് എന്ന സിനിമ. നിങ്ങള്‍ എത്ര പേര് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. രസമുള്ള സിനിമയാണ്. പിന്നെ കുട്ടന്‍റെ ഷിനി​ഗാമി എന്ന സിനിമ. അതും നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞൂട. എന്നാ കളിയാണ് ഇയാള്‍ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? അന്തംവിട്ടുപോയി. നിങ്ങള്‍ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊരു ആള്‍ ആണ് കാലനായി അഭിനയിക്കുന്നത്. അതും നല്ല സിനിമയാണ്. അതില്‍ ജാഫര്‍ ഇടുക്കിയും ഇങ്ങേരും കൂടി അത്രത്തോളം നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്”, മമ്മൂട്ടി പറഞ്ഞിരുന്നു.

ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ജിയോ ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ കാണാനാവും. കുട്ടന്‍റെ ഷിനി​ഗാമിയാവട്ടെ മനോരമ മാക്സിലും ആമസോണ്‍ പ്രൈം വീഡിയോയിലും കാണാം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming