ട്രാക്ക് മാറ്റി ശരത് കുമാർ, 'ഡ്യൂഡി'ൽ പൊട്ടിച്ചിരിപ്പിച്ച് താരം, ഷോ സ്റ്റീലർ ശരത് കുമാറെന്ന് പ്രേക്ഷകർ

Published : Oct 18, 2025, 03:41 PM IST
Sarath Kumar

Synopsis

ഡ്യൂഡില്‍ പൊട്ടിച്ചിരിപ്പിച്ച് ശരത് കുമാര്‍.

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരമാണ് ആർ. ശരത് കുമാർ. വില്ലനായും സഹനടനായും തുടങ്ങി നായക നിരയിലേക്കുയർന്ന താരം തമിഴിലെ ഏറെ തിരക്കേറിയ നടനും രാഷ്ട്രീയ പ്രവർത്തകനുമാണ്. അടുത്തിടെ '3ബിഎച്ച്കെ' എന്ന സിനിമയിലൂടെ തമിഴിൽ വിസ്മയിപ്പിച്ച താരം ഇപ്പോഴിതാ പ്രദീപ് രംഗനാഥൻ നായകനായെത്തിയ 'ഡ്യൂഡ്' എന്ന സിനിമയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയിലെത്തി ഞെട്ടിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി മുന്നൂറോളം സിനിമകളുടെ ഭാഗമായിട്ടുള്ള ശരത് കുമാർ ഇത്തരത്തിലൊരു വേഷം ഇതുവരെ ചെയ്തുകാണില്ലെന്ന് ഉറപ്പാണ്. ക്ഷീര വികസന വകുപ്പ് മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി തിയേറ്ററുകൾതോറും പൊട്ടിച്ചിരി നിറച്ചിരിക്കുകയാണ് താരം.

സ്വന്തം കുലമഹിമയും ജാതി മഹത്വവും മനസ്സിൽ നിറച്ച് ക്ഷീര കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനാണ് മന്ത്രി അതിയമാൻ അഴഗപ്പൻ. മകൾ കുറൽ അയാള്‍ക്ക് ജീവനാണ്. സിനിമയിൽ പല മുഹൂർത്തങ്ങളിലും പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്നുണ്ട് അതിയമാൻ അഴഗപ്പനായുള്ള ശരത് കുമാറിന്‍റെ അനായാസമായ പകർന്നാട്ടം. സിനിമയുടെ ആദ്യപകുതിയിൽ ശരത് കുമാറിന്‍റെ അഴിഞ്ഞാട്ടം തന്നെയാണ് ഹൈലൈറ്റ്. തഴക്കവും വഴക്കവും വന്നൊരു അഭിനേതാവിനെ കയ്യിൽ കിട്ടിയാൽ ഏത് രീതിയിൽ ഉപയോഗിക്കണമെന്ന് സംവിധായകൻ കീർത്തീശ്വരൻ ശരത് കുമാറിന് നൽകിയ ഈ കഥാപാത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. കോമഡിയിലും അതോടൊപ്പം തന്നെ ഇമോഷണൽ സീനുകളിലടക്കം പ്രേക്ഷകരുടെ ഉള്ളം കവരുന്നുമുണ്ട് താരം. തീർച്ചയായും ഡ്യൂഡിലെ ഷോ സ്റ്റീലർ ശരത് കുമാർ തന്നെയാണെന്ന് പറയാം.

തുടക്കം മുതൽ അവസാനം വരെ സർപ്രൈസുകളുമായി കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ചിത്രമായി തിയേറ്ററുകള്‍ കീഴടക്കിയിരിക്കുകയാണ് ഡ്യൂഡ്. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.

കീർത്തീശ്വരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിന് മികവുറ്റൊരു ഫിലിം മേക്കറെ കൂടി സമ്മാനിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ വന്നിരിക്കുന്ന അഭിപ്രായങ്ങള്‍. എന്താണ് ഫ്രണ്ട്ഷിപ്പ്, എന്താണ് ലവ്, എന്താണ് റിയൽ ലവ്, എന്താണ് റിലേഷൻഷിപ്പ് എന്നൊക്കെ കിടുവായി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതോടൊപ്പം തന്നെ മതവും ജാതിയും കുടുംബമഹിമയും നിറവും പണവുമൊക്കെ നോക്കിയുള്ള വിവാഹ ബന്ധങ്ങളേയും ചിത്രം രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. എല്ലാം കൊണ്ടും കുടുംബവുമൊന്നിച്ച് ഹാപ്പിയായിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് സിനിമയിലെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രസംയോജനം ഭരത് വിക്രമനാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ
നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ