
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ഷമ്മി തിലകൻ(Shammy Thilakan). ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചർച്ചയിൽ പങ്കെടുത്ത അമ്മയിലെ പ്രതിനിധികൾക്കെതിരെയാണ് ഷമ്മി രംഗത്തെത്തിയത്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ വിമർശനം.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. മൂവരുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. 'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..!ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..?', എന്നാണ് ഷമ്മി കുറിച്ചത്.
Read Also: Shammy Thilakan : 'പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം'; 'അമ്മ'യ്‌ക്കെതിരെ ഷമ്മി തിലകൻ
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്തെത്തി. സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്നാണ് അമ്മ പ്രതികരിച്ചത്. സർക്കാരാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. ചർച്ചയിൽ തങ്ങൾക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.
മീറ്റിങ്ങിൽ വ്യക്തത കുറവ് എന്ന് ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന് ഇന്നത്തെ യോഗത്തിലും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പുറത്ത് വിടാനാകില്ലെന്നു സർക്കാർ ആവർത്തിച്ചു. 500 പേജുള്ള റിപ്പോർട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ചർച്ചയിൽ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിർദേശങ്ങൾ കൈമാറിയത്. എന്തിനെ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എന്നിവ അറിയേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത ഇല്ല. ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്നം അല്ല. ഇന്നത്തെ മീറ്റിങ്ങിൽ വ്യക്തത കുറവ് ഉണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വേണമെന്നും ഡബ്ല്യുസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.
'അമ്മ'യ്ക്ക് യോജിപ്പ്, ഫിലിം ചേംബറിന് എതിർപ്പ്
സർക്കാരിന്റെ 90% നിർദ്ദേശങ്ങളോടും യോജിക്കുന്നു എന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. ചിലത് നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ട്. ചർച്ചയെ, നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും നടൻ സിദ്ദിഖ് പറഞ്ഞു. തുല്യവേതനം അടക്കമുള്ള നിർദേശത്തിൽ വ്യക്തകുറവ് ഉണ്ടെന്ന് അറിയിച്ച് അവയെ അമ്മയടക്കമുള്ള സംഘടനകൾ എതിർത്തു.
ഭൂരിപക്ഷം നിർദേശങ്ങൾ നടപ്പാക്കുന്നതിൽ തടസ്സമില്ല എന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ്‌കുമാർ യോഗത്തിന് ശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. അടൂർ ഗോപാലകൃഷ്ണൻ സമിതി നിർദേശം ആണ് റെഗുലേറ്ററി അതോറിറ്റി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം അറിയേണ്ട കാര്യമില്ല. സർക്കാർ കൃത്യമായ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും സുരേഷ് കുമാർ പറഞ്ഞു.