Suresh Gopi : 'മകന്‍ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി'; മണിയന്‍പിള്ള രാജു പറയുന്ന അനുഭവം

Published : May 04, 2022, 04:16 PM IST
Suresh Gopi : 'മകന്‍ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി'; മണിയന്‍പിള്ള രാജു പറയുന്ന അനുഭവം

Synopsis

നീണ്ട ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അമ്മ വേദിയില്‍ എത്തിയത്

ഗുജറാത്തില്‍ ജോലി ചെയ്യുന്ന മകന്‍ സച്ചിന് കൊവിഡ് പിടിപെട്ട കാലത്ത് സുരേഷ് ഗോപിയില്‍ (Suresh Gopi) നിന്നു ലഭിച്ച സഹായത്തെക്കുറിച്ച് മനസ് തുറന്ന് മണിയന്‍പിള്ള രാജു (Maniyanpilla Raju). ഒരല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടുമായിരുന്നില്ലെന്ന് പറയുന്നു അദ്ദേഹം. സുരേഷ് ഗോപിയെ തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് മണിയന്‍പിള്ള രാജു തന്‍റെ അനുഭവം പറഞ്ഞത്. 'അമ്മ'യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്

മണിയന്‍പിള്ള രാജു പറയുന്ന അനുഭവം

ഒരു വര്‍ഷം മുന്‍പാണ്. കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കൊവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.

ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.
 

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്