പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര, മൃതദേഹം വീട്ടിലെത്തിച്ചു

Published : Dec 20, 2025, 02:50 PM ISTUpdated : Dec 20, 2025, 05:59 PM IST
sreenivasan body townhall

Synopsis

നിരവധി പേരാണ് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലെത്തിയിട്ടുള്ളത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ പേരും ടൗൺഹാളിലുണ്ട്. നാളെ രാവിലെ കണ്ടനാട്ടുള്ള വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.  

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാന നോക്കുകാണാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൻ്റെ ഞെട്ടലിലാണ് സിനിമാലോകം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. പിന്നീട് മൃതദേഹം തിരികെ വീട്ടിലെത്തിച്ചു. 

ഇന്ന് രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് കണ്ടനാടുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. അവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് ടൗൺഹാളിലെത്തിച്ചത്. അതേസമയം, സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം. 

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.

ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം

1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളേജിലുമാണ് പഠിച്ചത്. കണ്ണൂരുകാരൻ പാട്യത്തെ ശ്രീനിവാസനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമായിരുന്നു സിനിമാ പഠനം. 1977ല്‍ പിഎ ബക്കറിന്റെ മണിമുഴക്കത്തില്‍ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. ആദ്യം ചെറിയ വേഷങ്ങള്‍. പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകം. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്‍ശൻ, കമല്‍ എന്നിവരുമുണ്ട്.

സന്മസുളളവർക്ക് സമാധാനം, ടിപി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

സിനിമയ്‍ക്ക് പുറത്തെ ചർച്ചകളിലും ശ്രീനിവാസൻ എന്നും നിറഞ്ഞു. ചുവപ്പുകോട്ടയായ പാട്യത്ത് നിന്ന് അരങ്ങിലെത്തിയ പ്രതിഭയുടെ വാക്കുകൾക്ക് കേരളം എപ്പോഴും കാതോര്‍ത്തു. ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം നടത്തി. കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും ശ്രീനിവാസൻ കേരളത്തെ വിസ്‍മയിപ്പിച്ചു. വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞിക്ക'യുടെ 14 വർഷത്തെ സിനിമ യാത്ര; 'ഐ ആം ​ഗെയിം' റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍