
ഐഎസ്എല്ലില്‍ (ISL 2021-22) ഹൈദരാബാദിനോട് (Hyderabad FC) പൊരുതിക്കീഴടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. ഈ അവസരത്തിൽ നടനും എംപിയുമായ സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
"ഈ സീസണിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കും. നല്ല കളി ബ്ലാസ്റ്റേഴ്‌സ്, വലിയ വെല്ലുവിളികൾ കാത്തിരിക്കുന്നു, ആവേശം നിലനിർത്തുക!", എന്നാണ് സുരേഷ് ഗോപി കുറിച്ചത്. പിന്നാലെ നിരാശകൾ പ്രകടിപ്പിച്ചും മത്സരത്തെ കുറിച്ച് പറഞ്ഞും ആരാധകരും രംഗത്തെത്തി.
ആദ്യഘട്ടത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ലീഡെടുത്തത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. 69-ാം മിനിറ്റില്‍ ലോംഗ് റേഞ്ചറിലൂടെ മലയാളി താരം രാഹുല്‍ കെ പിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. വിജയിച്ചു എന്ന് ഉറപ്പുവരുത്തുന്നതിനിടെ ആയിരുന്നു സാഹില്‍ ടവോരയുടെ ഗോളോടെ ഹൈദരാബാദും ഒപ്പമെത്തി. എന്നാൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുട്ടുമടക്കുക ആയിരുന്നു.