
നരിവേട്ട മെയ് 23ന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കി ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു ടൊവിനോ തോമസ് അഭിപ്രായം പങ്കുവെച്ചത്. സിനിമയ്ക്ക് അർഹിക്കുന്ന വിജയം പ്രേക്ഷകർ നൽകുമെന്നാണ് വിശ്വാസമെന്നും നടൻ പറഞ്ഞു.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങൾ ഈ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘, എന്ന് ടൊവിനോ പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന നരിവേട്ട അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടെയ്നറായിട്ടാണ് അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ