
തനിക്കൊപ്പം കട്ടയ്ക്ക് മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന അച്ഛന്‍റെ ചിത്രം നടൻ ടൊവിനോ ഒരിക്കൽ തന്‍റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ഓർക്കുന്നുണ്ടോ. ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെ ഇരുവരും മസില്‍ പിടിച്ച് പോസ് ചെയ്യുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരുന്നത്. അന്ന് അച്ഛനെയും മകനെയും പുകഴ്ത്തിക്കൊണ്ട് ഒട്ടേറെ പ്രതികരണങ്ങള്‍ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. അന്ന് പലരും അച്ഛനെയും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കമന്‍റ് ചെയ്തിരുന്നു. ഇപ്പോഴിതാ ടൊവിനൊ പൊലീസ് വേഷത്തിലെത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്‍റെ പിതാവായ അഡ്വ. ഇല്ലിക്കൽ തോമസ് സിനിമയിൽ ആദ്യമായി അഭിനയിച്ചിരിക്കുകയാണ്.
ടൊവിനോ അവതരിപ്പിച്ചിരിക്കുന്ന എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിൻ്റെ അച്ഛനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ നാരായണ പിള്ളയായാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. 40 കോടി വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ ഇതിനകം ചിത്രം നേടി കഴിഞ്ഞു. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. മലയാളത്തിൽ വേറിട്ടൊരു കുറ്റാന്വേഷണ ചിത്രമാണിതെന്നാണ് ഇതിനകം പ്രേക്ഷകരേവരും സിനിമയെ വാഴ്ത്തിയിട്ടുണ്ട്.
വളരെ സട്ടിലായ പ്രകടനമാണ് ചിത്രത്തിൽ ടൊവിനോയുടേത്. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, ഹരിശ്രീ അശേകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുക്കിളി പ്രകാശ്, മധുപാൽ, രമ്യാ സുവി, അർത്ഥന ബിനു, അനഘ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
ഏപ്രിലിൽ ഹിറ്റടിക്കുമോ ഉണ്ണി മുകുന്ദൻ ? സൂപ്പർ പവറുമായി 'ജയ് ഗണേഷ്', പുത്തൻ അപ്ഡേറ്റ് ഇങ്ങനെ
സിനിമയുടെ ആത്മാവ് തന്നെയായ സംഗീതമൊരുക്കിയിരിക്കുന്നത് തമിഴിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. മികവുറ്റ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ് സൈജു ശ്രീധർ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ