
ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. ചെന്നൈയിൽ മാസ്റ്റർ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിയമം ജനങ്ങൾക്ക് വേണ്ടിയായിരക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമ്മാണം നടത്തേണ്ടത്. സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ് പറഞ്ഞു.
തനിക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകൾക്കെതിരെയും വിജയ് പ്രതികരിച്ചു. റെയ്ഡുകളില്ലാത്ത പഴയ ജീവിതം തിരിച്ചു വേണമെന്ന് വിജയ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനമുള്ള പഴയ ജീവിതം തിരിച്ച് കിട്ടണം. എതിർപ്പുകൾ വിജയം കൊണ്ട് കീഴ്പ്പെടുത്തും, അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടും. സത്യത്തിനായി നിലകൊള്ളാൻ ചിലപ്പോൾ നിശബ്ദനാകേണ്ടി വരുമെന്നും വിജയ് പറഞ്ഞു.
വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ബിഗിൽ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിൻ്റെ രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ നടൻ്റെ ഉടമസ്ഥതയിൽ വാങ്ങിയ ഭൂമിയിടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമിയിടപാടുകളുണ്ടോ എന്നുമാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ബിഗിൽ സിനിമയുടെ ഫിനാൻഷ്യർ അൻപു ചെഴിയനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. മാസ്റ്ററിൻ്റെ നിർമ്മാതാക്കളിലൊരാളായ ലളിത് കുമാറിൻ്റെ വസതിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ലളിത് കുമാറുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകൾ വ്യാഴാഴ്ച പനയൂരിലെ വിജയിയുടെ വസതിയിൽ നിന്ന് പരിശോധനയ്ക്കായി പിടിച്ചെടുത്തു.
ഇതല്ലാതെ വിജയിയുടെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണമോ സ്വർണമോ കണ്ടെത്തിയിട്ടില്ല. പ്രതിഫലത്തുകയുടെ കാര്യത്തിൽ നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ നടന് എതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടൻ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ആദായ നികുതി വകുപ്പ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ