
ഇളയ ദളപതി വിജയ്(Vijay) നായകനായി എത്തുന്ന ബീസ്റ്റ്(Beast movie) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ബീസ്റ്റിന്റെ ഷൂട്ടിംഗ് വിജയ് പൂർത്തിയാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അണിയറപ്രവർത്തകർ പുതിയ വിശേഷം പങ്കുവെച്ചത്. ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നൂറ് ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായപ്പോൾ നെൽസൺ പങ്കുവച്ച ചിത്രവും നേരത്തെ ശ്രദ്ധനേടിയിരുന്നു.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ബീസ്റ്റ് അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക.