നടൻ വിജയുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് അച്ഛൻ ചന്ദ്രശേഖർ പിന്മാറി

By Web TeamFirst Published Nov 22, 2020, 11:52 AM IST
Highlights

വിജയ്‌യുടെ ആരാധക സംഘമായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള വിജയ്‍യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറിന്‍റെ നീക്കം വലിയ തോതിലുള്ള വാര്‍ത്താപ്രാധാന്യം നേടിയിരുന്നു

ചെന്നൈ: തമിഴകത്ത് ഏറ്റവും ജനസ്വാധീനമുള്ള നടന്മാരിൽ ഒരാളായ വിജയുടെ പേരിൽ അച്ഛൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല. ഇത് സംബന്ധിച്ച് നേരത്തെയെടുത്ത തീരുമാനത്തിൽ നിന്ന് വിജയുടെ അച്ഛൻ ചന്ദ്രശേഖർ പിന്മാറി. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നടൻ വിജയ് തന്നെ ഈ നീക്കത്തിൽ എതിർപ്പുന്നയിച്ചതോടെയാണ് പിന്മാറ്റം.

വിജയ്‌യുടെ ആരാധക സംഘമായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള വിജയ്‍യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറിന്‍റെ നീക്കം വലിയ തോതിലുള്ള വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഈ നീക്കവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ആരാധകരോട് വിജയ് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ ഫാൻസ് അസോസിയേഷന്റെ ഭാരവാഹികളിലും മാറ്റമുണ്ടായി.

മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉൾപ്പടെ  ഭൂരിഭാഗം ജില്ലാസെക്രട്ടറിമാരെയും മാറ്റി കൂടുതൽ ചെറുപ്പക്കാർക്ക് സംഘടനാ ചുമതല നൽകി. രാഷ്ട്രീയ പാർട്ടി രീതിയിൽ പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാൽ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികൾക്ക് നൽകിയ നിർദേശം. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്‍റ് ആയി പരാമര്‍ശിക്കപ്പെട്ട പത്മനാഭന്‍ ഒരു വിജയ് ആരാധകനാണെന്ന് നേരത്തെ എസ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ മധുരയില്‍ യോഗം ചേര്‍ന്നിരുന്നു. പാലംഗനാഥച്ചെ ഒരു സിനിമാ തീയേറ്ററില്‍ നടന്ന യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടെന്ന് ആരാധകര്‍ തീരുമാനമെടുത്തിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്‍റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും യോഗം തീരുമാനമെടുത്തിരുന്നു. 

click me!