മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ച് സൂചന നൽകി ധ്യാൻ ശ്രീനിവാസൻ

കരിയറിലെ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം എത്തിയിട്ട് അഞ്ച് വര്‍ഷങ്ങളായിട്ടും ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം ഇതുവരെ വന്നിട്ടില്ല. അതേസമയം ഈ കാലയളവില്‍ അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരെ പലകുറി അദ്ദേഹം ഞെട്ടിക്കുകയും ചെയ്തു. മിന്നല്‍ മുരളിക്ക് ശേഷം ബേസിലിന്‍റെ സംവിധാനത്തില്‍ സംഭവിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഒരു ചിത്രം ബോളിവുഡില്‍ നിന്നായിരുന്നു. രണ്‍വീര്‍ സിംഗിനെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന ശക്തമാന്‍ ആയിരുന്നു അത്. എന്നാല്‍ അത് ഇനിയും ഒരു പ്രോജക്റ്റ് ആയി രൂപാന്തരപ്പെട്ടിട്ടില്ല. അത് ഉപേക്ഷിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനൊപ്പം ബേസിലിന്‍റെ ഒരു ചിത്രം വന്നേക്കുമെന്ന് സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അത് ശരിയായിരിക്കാമെന്ന സൂചന നടനും ബേസിലിന്‍റെ അടുത്ത സുഹൃത്തുമായ ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയിരിക്കുകയാണ്.

താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഭീഷ്മറിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ബേസില്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ വരുന്നുണ്ടെന്നും അതൊരു ബ്രഹ്മാണ്ഡ സിനിമയാണെന്നുമാണ് ധ്യാന്‍ പറഞ്ഞത്. അത് മലയാളത്തില്‍ അല്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പുഷ്പ ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു സിരീഷിന്‍റെ പ്രീ വെഡ്ഡിംഗ് റിസപ്ഷനില്‍ ബേസില്‍ ജോസഫ് പങ്കെടുത്തിരുന്നു. ഇരുവര്‍ക്കുമിടയില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടുകെട്ടിനെക്കുറിച്ച് തെലുങ്ക് മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകളും വന്നിരുന്നു. ധ്യാന്‍ പറയുന്നത് ഈ കൂട്ടുകെട്ടിനെക്കുറിച്ച് ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ ചര്‍ച്ചകള്‍.

തെലുങ്ക് സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത അല്ലു സിരീഷിന്‍റെ പ്രീ വെഡ്ഡിംഗ് റിസപ്ഷനില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചുരുക്കം പേരേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ രണ്ട് പേര്‍ ആറ്റ്ലിയും ബേസില്‍ ജോസഫും ആയിരുന്നു. അല്ലു അര്‍ജുനും ബേസിലും ചേര്‍ന്നുള്ള ഒരു സിനിമയുടെ സാധ്യതകള്‍ കഴിഞ്ഞ ജൂണില്‍ വാര്‍ത്തയായിരുന്നു. ബേസില്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇത്തരമൊരു പ്രോജക്റ്റ് ഉണ്ടെങ്കില്‍ അതിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അല്ലു ആരാധകര്‍. അതേസമയം ധ്യാനിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News