
മലയാള സിനിമയിലെ പ്രിയതാരങ്ങളിൽ ഒരാളാണ് വിനായകൻ(Vinayakan). ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വിനായകൻ ഇതിനോടകം മലയാളികൾക്ക് നൽകി കഴിഞ്ഞു. നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീയാണ്(Oruthee) വിനായകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ അവസരത്തിൽ ഫാൻസുകാരെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ലെന്ന് വിനായകൻ പറയുന്നു. ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ ഇക്കാര്യം പറയുന്നത്.
‘ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല,’ എന്ന് വിനായകൻ പറയുന്നു.
ഫാന്‍സ് ഷോ നിരോധിക്കണമെന്ന തിയറ്റര്‍ ഉടമകളുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഫാന്‍സിനെ നിരോധിക്കണം’ എന്നായിരുന്നു വിനായകന്റെ മറുപടി. ഫാന്‍സിനെ കുറിച്ചുള്ള വിനായകന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, ഒരുത്തീ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്.
വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഒരുക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.
Read More: വിവാദങ്ങൾ അനാവശ്യം; 'കശ്മീര്‍ ഫയല്‍സ്' നിര്‍മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് സംവിധായകൻ