
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'സൈമണ്‍ ഡാനിയല്‍'. ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ താരം വിനീത് കുമാർ ബിഗ് സ്ക്രീനിൽ തിരിച്ചെത്തുന്നു എന്നതായിരുന്നു അതിനു കാരണം. വേറിട്ട ഗെറ്റപ്പിലുള്ള താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നിഗൂഢതകളും സസ്പെൻസും നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിൽ എത്തും.
സാജന്‍ ആന്റണിയാണ് 'സൈമണ്‍ ഡാനിയല്‍' സംവിധാനം ചെയ്യുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. സാജന്‍ ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് റിപ്പോർട്ടുകൾ. മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും.
അതേസമയം, ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡിയർ ഫ്രണ്ട് എന്ന ചിത്രമാണ് വിനീത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം. ജൂണ്‍ 10ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ലഭിച്ചതിരുന്നതെങ്കിലും ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരങ്ങൾ ലഭിച്ചിരുന്നു. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് തുടങ്ങിയ ശ്രദ്ധേയ താരനിരയും ചിത്രത്തിന്റെ ഭാഗമായി.
ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഫഹദ് നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രമായിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരംഭം.
Dear Friend : തിയറ്ററില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു; ഒടിടി റിലീസില്‍ വന്‍ അഭിപ്രായവുമായി ഡിയര്‍ ഫ്രണ്ട്