തിയറ്ററിലെത്തി ഒരു മാസം കഴിഞ്ഞായിരുന്നു ഒടിടി റിലീസ്

തിയറ്ററുകളും ഒടിടി പ്ലാറ്റ്‍ഫോമുകളും പ്രദാനം ചെയ്യുന്ന സിനിമാനുഭവത്തില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഒരേ സിനിമകള്‍ക്ക് തികച്ചും വിഭിന്നമായ രണ്ട് അഭിപ്രായങ്ങള്‍ വരിക അത്ര സാധാരണമല്ല. ഇപ്പോഴിതാ ഒരു മലയാള ചിത്രം പ്രേക്ഷകരില്‍ നിന്നും അത്തരത്തില്‍ വിഭിന്നാഭിപ്രായങ്ങള്‍ നേടി ശ്രദ്ധിക്കപ്പെടുകയാണ്. ടൊവിനോ തോമസിനെ (Tovino Thomas) കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത ഡിയര്‍ ഫ്രണ്ട് (Dear Friend) എന്ന ചിത്രമാണ് അത്. 

ജൂണ്‍ 10ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ലഭിച്ചിരുന്നത്. ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് തുടങ്ങിയ ശ്രദ്ധേയ താരനിരയുണ്ടായിട്ടും ഫഹദ് നായകനായ അയാള്‍ ഞാനല്ല ഒരുക്കിയ വിനീത് കുമാറിന്‍റെ രണ്ടാം ചിത്രം ആയിരുന്നിട്ടും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തിയില്ല. മെയിന്‍ സെന്‍ററുകളില്‍ പോലും കാണികളുടെ എണ്ണം തികയാത്തതിനാല്‍ ഷോ മുടങ്ങുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. കമല്‍ ഹാസന്‍റെ വന്‍ കാന്‍വാസ് ചിത്രം തിയറ്ററുകളില്‍ തരംഗം തീര്‍ത്ത സമയമാണ് എന്നതും ഡിയര്‍ ഫ്രണ്ടിന് പ്രേക്ഷകരെ ലഭിക്കാത്തതിന് ഒരു കാരണമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒടിടി റിലീസിനു ശേഷം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ മുഴുവന്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.

Scroll to load tweet…
Scroll to load tweet…

ജൂലൈ 10ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മികച്ച പ്രകടനങ്ങളും മികച്ച എഴുത്തുമാണ് ചിത്രത്തിന്റേതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ഇത്തരത്തിലുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന ടൊവിനോ തോമസിന് അഭിനന്ദനം ലഭിക്കുമ്പോള്‍ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്ട് ഒടിടി റിലീസ് ചെയ്യാമായിരുന്ന ചിത്രമായിരുന്നു ഇതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

Scroll to load tweet…
Scroll to load tweet…

അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുന്‍ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അയാള്‍ ഞാനല്ല എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ : 'എല്ലാം ആത്മാർത്ഥതയോടെ ചെയ്യുന്ന പെണ്‍കുട്ടിയാണ് നൂറിൻ', പിന്തുണയുമായി സംവിധായകൻ