
തുടക്കവും ഒടുക്കവും ഇടിയിൽ, ഇടിയെന്നു പറഞ്ഞാൽ ഒന്നൊന്നര ഇടിപ്പൂരം. അതാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ 'ഇടിയൻ ചന്തു' എന്ന് ചുരുക്കി പറയാം. ഇടിയെന്ന് കേട്ട് ഇതിൽ ഇടി മാത്രമാണുള്ളതെന്ന് കരുതരുത്. ഇടിക്കിടയിൽ സൗഹൃദവും പ്രണയവും കോമഡിയും ഫീലിംഗ്സും ഒക്കെ മികച്ച രീതിയിൽ കോർത്തിണക്കിയിട്ടുള്ളതാണ് ചിത്രം. പ്രായഭേദമെന്യേ ഏവർക്കും പ്രത്യേകിച്ച് യൂത്തിനും കുടുംബ പ്രേക്ഷകർക്കും ധൈര്യപൂർവ്വം ടിക്കറ്റെടുക്കാനുള്ള ഒട്ടേറെ സംഭവങ്ങള്‍ ശ്രീജിത്ത് വിജയൻ ഒരുക്കിയിരിക്കുന്ന ചിത്രത്തിലുണ്ട്.
ചന്തു എന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കഥാപാത്രവും ചന്തുവിന്‍റെ ഇടിയൻ സ്വഭാവം കാരണം ബുദ്ധിമുട്ടുന്ന ഇന്ദു എന്ന ലെനയുടെ അമ്മ കഥാപാത്രവും ചന്തുവിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അമ്മാവന്‍റേയും സുഹൃത്തുക്കളുടേയും ബെസ്റ്റിയുടേയും ലവറിന്‍റേയും പ്രിൻസിപ്പളച്ചന്‍റേയും ഒക്കെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
ദിവസേന എന്നോണം അമ്മയെ ക്രൂര മർദ്ധനത്തിന് ഇരയാക്കുന്ന ക്രിമിനൽ പൊലീസുകാരനായ അച്ഛൻ ചന്ദ്രനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനാണ്. അങ്ങനെ ഇടിയൻ ചന്ദ്രൻ എന്ന് നാട്ടുകാർ വിളിക്കുന്ന അച്ഛന്‍റെ പേര് ചന്തുവിനും കിട്ടുന്നു, ഇടിയൻ ചന്തു. ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും കൂടി വരുന്നതോടെ ആ സ്വഭാവം തൽക്കാലം മാറ്റിയെടുത്ത് അവനെ പ്ലസ് ടു എങ്ങനെയെങ്കിലും പാസാക്കാനായി അമ്മ ഇന്ദുവിന്‍റെ ശ്രമം. ഗുണ്ടകളുടെ പകയിൽ കൊല്ലപ്പെടുന്ന അച്ഛന്‍റെ ജോലി ആശ്രിത നിയമനത്തിലൂടെ ചന്തുവിന് വാങ്ങിച്ചെടുക്കാനായി ശേഷം അമ്മയുടെ നീക്കം. ഇതിനായി അമ്മവീടായ കോതമംഗലത്തെ ഒരു സ്കൂളിൽ ചന്തുവിനെ പഠിക്കാൻ ചേർക്കുന്നതും തുടർന്നുളള ചില പ്രശ്നങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.
ആരാണ് ഇടിയൻ ചന്തു, എങ്ങനെയാണ് അയാള്‍ ഇടിയനായാത്, ആരൊക്കെയാണ് അയാളെ ഇടിയനാക്കിയത്...തുടങ്ങിയ ഓരോ കാര്യങ്ങളും കൺവിൻസിംഗായ രീതിയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആകെ മൊത്തം ഒരു ഫ്രഷ്നെസ് വൈബ് ചിത്രത്തിൽ ഫീൽ ചെയ്യുന്നുണ്ട്. ഇടിയൻ ചന്തുവായി വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പ്രകടനം മികച്ചുനിൽക്കുന്നതായിരുന്നു.
ആക്ഷൻ രംഗങ്ങളിലും പ്രണയ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലുമൊക്കെ ഇരുത്തം വന്ന പ്രകടനമാണ് വിഷ്ണു കാഴ്ചവെച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ചന്തു സലിംകുമാർ ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ചിത്രത്തിൽ എത്തിയിട്ടുണ്ട്. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ ശിവദാസ്,വിദ്യ വിജയകുമാർ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, അബിജ ശിവകല, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങള്‍ സിനിമയിലുണ്ട്.
ദൃശ്യവിരുന്നൊരുക്കി 'ശൈല നന്ദിനി..'; ഹൊറർ ത്രില്ലർ 'ചിത്തിനി'യിലെ ഗാനം എത്തി
യുവത്വത്തിന് മാത്രമല്ല ഏത് പ്രായത്തിലുളളവർക്കും ചിത്രം ആസ്വാദ്യകരമാവും വിധമാണ് ശ്രീജിത്ത് വിജയൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടുംബങ്ങളിലെ പ്രശ്നങ്ങൾ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ചിത്രം പറയുന്നുണ്ട്. കൈയ്യടക്കമുള്ള സംവിധാന മികവ് എടുത്തുപറയേണ്ടതാണ്. അതോടൊപ്പം തന്നെ ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയിരിക്കുന്ന അതിഗംഭീര സംഘട്ടന രംഗങ്ങളും ദീപക് ദേവിന്‍റെ പശ്ചാത്തല സംഗീതവും പാട്ടുകളും വിഘ്നേഷ് വാസു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും വി. സാജന്‍റെ എഡിറ്റിംഗും ചിത്രത്തെ മികച്ചൊരു എന്‍റർടെയ്നർ ആക്കിയിട്ടുണ്ട്. ടൈറ്റിലിനോട് നൂറ് ശതമാനം നീതി പുലർത്തുന്നതാണ് സിനിമയുടെ അവതരണം. ഒരു സെക്കൻഡ് പോലും ലാഗടിപ്പിക്കാതെ ചടുലമായ രീതിയിലാണ് ചിത്രം നീങ്ങുന്നത്. തീർച്ചയായും തിയേറ്റർ മസ്റ്റ് വാച്ചാണ് ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ