Happy Birthday Aishwarya Rai|ആർക്കിടെക്റ്റാകാൻ കൊതിച്ച നക്ഷത്ര കണ്ണുള്ള സുന്ദരി, ഐശ്വര്യക്കിന്ന് പിറന്നാള്‍

By Web TeamFirst Published Nov 1, 2021, 8:25 AM IST
Highlights

വിവാഹശേഷം അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്ന ‘ഗുലാബ് ജാമുൻ’ അണിയറയിൽ ഒരുങ്ങുകയാണ്.

ന്ത്യന്‍ സുന്ദരി എന്ന് കേള്‍ക്കുമ്പോൾ പലരുടെയും മനസ്സില്‍ തെളിയുന്നൊരു മുഖമാണ് ഐശ്വര്യ റായിയുടേത്(aishwarya rai). ലോകസുന്ദരി പട്ടം നേടി ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ, തന്റെ 48ാം പിറന്നാൾ(birthday) ആഘോഷിക്കുകയാണ് ഇന്ന്. ബോളിവുഡിന്(bollywood) അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. 

മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായി 1973 നവംബർ 1-ന്‌ മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം.  ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കൾ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈ സ്കൂളിലാണ് ഐശ്വര്യ സ്കൂൾ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചർച്ച്ഗേറ്റിലുള്ള ജയ് ഹിന്ദ് കോളേജിൽ ചേർന്ന ഐശ്വര്യ, ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂർത്തിയാക്കി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം.

ആർക്കിടെക്ചർ പഠനത്തിനിടയിൽ ഐശ്വര്യ മോഡലിങ്ങും ചെയ്തിരുന്നു. 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ താരം ജനഹൃദയങ്ങളിൽ ഇടംനേടി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിലായിരുന്നു. തുടർന്ന് മുഴുനേര മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും താരം തന്റെ തൊഴിൽമേഖലയെ മാറ്റുക ആയിരുന്നു.

സിനിമയിലേക്ക്

ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ൽ മണിരത്നം സം‌വിധാനം ചെയ്ത 'ഇരുവർ' ആയിരുന്നു. ഓർ പ്യാർ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോൾ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ സിനിമ സാമ്പത്തികമായി ഒരു പരാജയമായിരുന്നു. ഷങ്കറിന്റെ ചിത്രമായ ജീൻസ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ വൻ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു.

1999-ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതേ വർഷം പുറത്തിറങ്ങിയ താൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി. 2000-ൽ, ഐശ്വര്യ മൊഹബത്തേൻ, ജോഷ് എന്നീ ഹിന്ദി സിനിമകളും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് സിനിമയും ചെയ്ത് അഭിനേത്രിയായി തന്റെ സ്ഥാനം അര‍ക്കിട്ടുറപ്പിച്ചു. മമ്മൂട്ടിയായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ചിത്രത്തിലെ നായകന്‍. 2010-ൽ രാവൺ‍ എന്ന ചിത്രത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തിൽ താരം അഭിനയിച്ചിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയംഗമായ ആദ്യത്തെ ഇന്ത്യന്‍ നടിയുമായി ഐശ്വര്യ. ദി ഓപ്ര വിന്‍ഫ്രി ഷോയില്‍ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരിയുമാണ് ഐശ്വര്യ. ഫ്രാന്‍സിലെ രണ്ടാമത്തെ ബഹുമതിയായ നൈറ്റ് ഓഫ് ദ് ഓര്‍ഡര്‍ ഒഫ് ആര്‍ട്‌സ് ആന്‍ ലെറ്റേഴ്‌സ് പുരസ്കാരവും ഐശ്വര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഹേ ദില്‍ ഹേ മുഷ്കില്‍, ധൂം 2, ജോധ അക്ബര്‍, ഗുരു, മൊഹബദ്ദീന്‍ ഇവയാണ് ഐശ്വര്യ റായി നായികയായ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങള്‍.

അഭിഷേക് ബച്ചനുമായുള്ള വിവാഹം

2007 ഏപ്രിൽ 20നാണ് നടൻ അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യയുടെ വിവാഹം. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ആരാധ്യ എന്നാണ് മകളുടെ പേര്. ഐശ്വര്യ റായോട് താന്‍ വിവാഹം പ്രോപോസ് ചെയ്തത് 2007ല്‍ ‘ഗുരു’ എന്ന ചിത്രത്തിന്റെ പ്രീമിയറിനായി ടിഫില്‍ എത്തിയപ്പോഴായിരുന്നു എന്ന് അഭിഷേക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്ന ‘ഗുലാബ് ജാമുൻ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
സംവിധായകന്‍ മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വൻ' എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും.മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യയുടെ പിറന്നാൾ സുഹൃത്തുക്കളെ പോലെതന്നെ ആഘോഷമാക്കുകയാണ് ഇന്ത്യൻ സിനിമാ ലോകവും.

click me!