
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് യുവ നടിമാർക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി കൂടുതൽ പേർ രംഗത്ത്. അതിക്രമം തുറന്നുപറഞ്ഞ നടിമാരെ പിന്തുണച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ നടിമാർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി അൻസിബ ഹസൻ. നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച ഇരു നടിമാരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും അൻസിബ പറയുന്നു.
‘‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം’’, എന്നാണ് അന്‍സിബ കുറിച്ചത്. ലൈംഗിക അതിക്രമം തുറന്നു പറഞ്ഞുള്ള നടിമാരുടെ പോസ്റ്റുകളും അൻസിബ പങ്കുവച്ചിട്ടുണ്ട്. നിവിൻ പോളി, അജു വർഗീസ് അടമുള്ള താരങ്ങളും യുവ നടിമാരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
’സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടിമാർ മാളിൽ എത്തിയത്. പരിപാടി അവസാനിച്ച് തിരിച്ചു പോകുന്നതിനിടിയിലാണ് നടിമാർക്കെതിരെ അതിക്രമം നടന്നത്. സംഭവ സമയത്ത് തന്നെ അതിലൊരു നടി പ്രതികരിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം, സംഭവത്തിൽ കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് ഉടൻ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ വനിതാ കമ്മീഷൻ അപലപിച്ചിരുന്നു. നടിമാർക്ക് എതിരെ നടന്ന അതിക്രമം അപലപനീയവും വളരെ ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പറഞ്ഞു.