'അവതാരകരും ആര്‍ട്ടിസ്റ്റുകളും ഏറ്റുമുട്ടുമ്പോള്‍': പ്രതികരണ വീഡിയോയുമായി അശ്വതി

By Web TeamFirst Published Sep 30, 2022, 9:53 PM IST
Highlights

ആര്‍ട്ടിസ്റ്റ് - അവതാരക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ചുറ്റുപാടുകളും, ആര്‍ട്ടിസ്റ്റുകളുടെ പറന്നുള്ള അഭിമുഖങ്ങളുടെ ഫ്രസ്ട്രേഷനുകളും അവതാരകരുടെ ഉത്കണ്ഠകളും അതില്‍ താന്‍ ഏത് പക്ഷത്താണെന്നുമുള്ള നിരവധി കാര്യങ്ങളാണ് അശ്വതി വീഡിയോയിൽ പങ്കുവച്ചത്.

ലയാളിക്ക് പരിചിതയായ അഭിനേത്രിയാണ് അശ്വതി ശ്രീകാന്ത്. ഒരു അഭിനേത്രി എന്നതിലുപരിയായി ഒരു അവതാരക കൂടിയായ അശ്വതി തന്റെ നിലപാടുകള്‍ പങ്കുവച്ചും വിശേഷങ്ങള്‍ പങ്കുവച്ചും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ചര്‍ച്ച, അഭിമുഖങ്ങളില്‍ അവതാരകരും ആര്‍ട്ടിസ്റ്റുകളും തമ്മില്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയാണ്. അവതാരകയും ആര്‍ട്ടിസ്റ്റുമായ ഒരാള്‍ക്ക് ഈ വിഷയത്തില്‍ നല്ല നിലപാടെടുക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ അശ്വതിയുടെ പുതിയ പ്രതികരണ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ആര്‍ട്ടിസ്റ്റ് - അവതാരക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ചുറ്റുപാടുകളും, ആര്‍ട്ടിസ്റ്റുകളുടെ പറന്നുള്ള അഭിമുഖങ്ങളുടെ ഫ്രസ്ട്രേഷനുകളും അവതാരകരുടെ ഉത്കണ്ഠകളും അതില്‍ താന്‍ ഏത് പക്ഷത്താണെന്നുമുള്ള നിരവധി കാര്യങ്ങളാണ് അശ്വതി വീഡിയോയിൽ പങ്കുവച്ചത്. ഓരോ ഏരിയകളും വ്യക്തമായി എടുത്തുപറഞ്ഞ് അതിനെപ്പറ്റിയെല്ലാം വിശദമാക്കുന്നുണ്ട് അശ്വതി.

നിലപാടിലെ പ്രസക്തമായ ഭാഗങ്ങള്‍ വായിക്കാം 

ആര്‍ട്ടിസ്റ്റുകള്‍ എക്‌സ്‌ഹോസ്റ്റഡാണ്

ഏതൊരു സിനിമ ഇറങ്ങിക്കഴിഞ്ഞാലും ഒരു 360 ഡിഗ്രി പ്രൊമോഷന്‍ നമ്മള്‍ കാണാറുണ്ട്. എന്താണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും, ഇത് മാക്‌സിമം പ്രേക്ഷകരിലേക്കെത്തുക എന്നത് ഉറപ്പിക്കുക എന്നതുമാണ് സിനിമാക്കാരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ആര്‍ട്ടിസ്റ്റുകള്‍ക്ക് അക്കാര്യത്തില്‍ നല്ല പ്രഷറുണ്ട്. അവര്‍ മറ്റ് ഡേറ്റുകളെല്ലാം മാറ്റിവച്ചാണ് ഈ പ്രൊമോഷനായിട്ട് ഇറങ്ങുന്നത്. ഒരേ ദിവസം തന്നെ ഒരുപാട് ഇന്റര്‍വ്യൂകള്‍ അവര്‍ കൊടുക്കേണ്ടതായിട്ട് വരും. ഡ്രസ്സില്‍ മാത്രമേ മാറ്റമുണ്ടാവുകയുള്ളു, രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായുള്ള ഇന്റര്‍വ്യൂകളായിരിക്കും സാധാരണയായി ഉണ്ടാവുക. പല ദിവസവും വൈകുന്നേരെമെല്ലാം ആകുമ്പോഴേക്കും താരങ്ങള്‍ എക്‌സ്‌ഹോസ്റ്റഡായിട്ടുണ്ടാകും. കാണുന്നവര്‍ക്ക് അവര്‍ സന്തോഷത്തോടെയാണ് സംസാരിക്കുന്നതെന്ന് തോന്നുമെങ്കിലും, അവര്‍ വളരെ കഷ്ടപ്പെട്ടാണ് ഇരിക്കുന്നത്. പക്ഷെ സംഗതി രണ്ട് കൂട്ടരുടേയും ആവശ്യമായതിനാല്‍ ആരും മുഖം ചുളിക്കാതെ ഇരിക്കുന്നുവെന്നുമാത്രം.

അവതാരകരുടെ ബാക്ക്‌സ്‌റ്റേജ് ഉത്ക്കണ്ഠകൾ

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂസ് ഏറെ ചെയ്തിട്ടുള്ള ആളെന്ന നിലയ്ക്ക് പറയുകയാണെങ്കില്‍, നമ്മളിപ്പോ ഒരു ഷൂട്ടിന് പോവുകയാണെങ്കില്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കുന്ന പ്രധാന സംഭാഷണം ആക്ടേഴ്‌സിന്റ മൂഡിനെപ്പറ്റിയാണ്. പ്രത്യേകിച്ചും അവതാരകര്‍ പുതിയ ആളുകളാണെങ്കില്‍ പറയുകയും വേണ്ട. വല്ലാത്ത ഉത്കണ്ഠ ആയിരിക്കും. പ്രത്യേകിച്ചും സീനിയര്‍ ആക്ടേഴ്സ്സാണെങ്കില്‍, പലരെപ്പറ്റിയും പല തരത്തിലുള്ള മുന്‍വിധികളും നമുക്കുണ്ടാകും. പലപ്പോഴും പേടിച്ചായിരിക്കും അവതാരകർ ഇവരുടെ മുന്നില്‍ ചെന്ന് ഇരിക്കാറുള്ളത്. പല ചാനലുകാരും പല  ചോദ്യങ്ങളും ചോദിക്കും / ചോദിച്ചിട്ടുണ്ടാകും, അതുകൊണ്ടുതന്നെ താന്‍ ചോദിക്കുന്ന ചോദ്യം വൈറലാകണം / ക്ലിക്കാകണം എന്ന ലക്ഷ്യവും അവതാരകര്‍ക്കുണ്ടാകും.

നടൻ ഹരീഷ് പേരടി സിനിമ നിർമ്മാണ രം​ഗത്തേക്ക്

ഓണ്‍ലൈന്‍ ചാനലുകളുടെ നിലപാട്

ഒരുപാട് ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്ളതുകൊണ്ടുതന്നെ, എന്തെങ്കിലും വൈറലാകാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ എഴുതിയിട്ട്, ആരെയെങ്കിലും അവതാരകരാക്കി ക്യാമറയ്ക്ക് മുന്നിലേക്ക് വിടുന്ന പരിപാടി പല ചാനലുകളും ചെയ്യുന്നുണ്ട്. എന്റര്‍ടൈന്‍മെന്റ് മാത്രം ഫോക്കസ് ചെയ്യുന്നവരും, നന്നായി ചെയ്യുന്ന ആളുകളുമുണ്ട്. ഇന്‍ഫോര്‍മേഷനേക്കാളുപരിയായി ആളുകള്‍ക്ക് എന്റര്‍ടൈന്‍മെന്റാണ് ആവശ്യം എന്നത് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരുടെ ചോദ്യങ്ങള്‍ അത്തരത്തിലായിരിക്കുകയും ചെയ്യും. ഇനിയിപ്പോ അവതാരകര്‍ ചോദിച്ച ചോദ്യത്തോട്, ഏതെങ്കിലും തരത്തില്‍ ആക്ടേഴ്‌സ് പ്രതികരിച്ചാല്‍, അതിനൊരു അഭ്യൂസീവ് തലക്കെട്ടും കൊടുത്ത് ആ ചാനലില്‍ തന്നെ അപ്ലോഡ് ചെയ്യുകയും ചെയ്യും.

എന്തുചെയ്യാന്‍ കഴിയും ?

ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുള്ളത് സിനിമാക്കാര്‍ക്കാണ്. ഏതുതരം അഭിമുഖമാണ് വേണ്ടതെന്ന് അവര്‍ക്ക് ആദ്യമേ തെരഞ്ഞെടുക്കാന്‍ സാധിക്കും. തന്നോട് എങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദിക്കേണ്ടതെന്നും, അതില്‍ത്തന്നെ എന്തെല്ലാം ചോദിക്കാം, വേണ്ട എന്നെല്ലാം അവര്‍ക്ക് ആദ്യംതന്നെ പറയാം. അവതാരകര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ട്. പലപ്പോഴും അവതാരകര്‍ക്ക് അതില്ല. ഇപ്പോള്‍ ആക്ടേഴ്‌സ് ചെയ്യുന്നത്, വരുന്ന എല്ലാവര്‍ക്കും അഭിമുഖം കൊടുക്കുന്നുവെന്നതാണ്. അവര്‍ക്കറിയാം, ഇരിക്കുന്നത് എത്തരത്തിലുള്ള ചാനലിലാണെന്നും, ചാനല്‍ മുന്നേ എത്തരത്തിലാണ് ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളതെന്നുമെല്ലാം. വന്നിരുന്ന് കഴിഞ്ഞിട്ട്, ഇതെന്ത് ഡാഷ് ചോദ്യമാണ് എന്നെല്ലാം ചോദിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. മാസ്‌കിമം റീച്ചെന്നുപറഞ്ഞ് എല്ലായിടത്തും തല വയ്ക്കുകയും, അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ കുറ്റം മുഴുവന്‍ അവരുടെ തലയില്‍ ഇടുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ല.

എന്റെ അഭിപ്രായം ഇതാണ്.

നിലവിലെ വിഷയത്തില്‍ എന്റെ അഭിപ്രായം എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിന് വലിയ പ്രസക്തിയൊന്നുമില്ല. കാരണം ഒരു അഭ്യൂസ് നടന്നുകഴിഞ്ഞാല്‍ വിക്ടിമിനൊപ്പം നില്‍ക്കുക എന്നതാണ് നീതി. അപ്പോ തീര്‍ച്ചയായും ഞാന്‍ ഏത് പക്ഷത്താണെന്ന് ക്ലിയറാണ്. നമ്മുടെയൊരു വര്‍ക്ക്‌പ്ലേസില്‍ വച്ച്, നമ്മുടെ സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും മുന്നില്‍വച്ച് നമുക്ക് ഒട്ടും പരിചിതമല്ലാത്ത മോശമായിട്ടുള്ള ഒരു ഭാഷ കേള്‍ക്കണ്ടിവന്നാല്‍ നമ്മള്‍ എങ്ങനെ ഇല്ലാതായിപോകും എന്നത് ചിന്തിക്കാനുള്ള ഒരു ബോധവും എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. 

click me!