
ചെന്നൈ: യുട്യൂബർ കാർത്തിക്കിന്റെ ഖേദ പ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി കിഷൻ. ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള മാപ്പപേക്ഷയാണ് യുട്യൂബർ നടത്തിയത്. `ചോദ്യം തെറ്റിധരിച്ചു, ശരീരാധിക്ഷേപം നടത്തിയില്ല' എന്നാണ് കാർത്തിക് പറഞ്ഞത്. ഇത്തരത്തിലുള്ള പൊള്ളയായ വാക്കുകൾ അംഗീകരിക്കില്ലെന്നും ഗൗരി കിഷൻ പറഞ്ഞു. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടയിലാണ് യുട്യൂബർ കാർത്തിക് ശരീര അധിക്ഷേപം നടത്തിയത്. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനെതിരെ നടി ഗൗരി രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു.
സംഭവം ചർച്ച ചെയ്യപ്പെട്ടതിനു പിന്നാലെ അധിക്ഷേപത്തില്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞ യൂട്യൂബർ ഗൗരിക്ക് നേരേ വീണ്ടും അധിക്ഷേപം ഉയർത്തുകയാണ് ചെയ്തത്. പ്രതികരണം പിആർ സ്റ്റണ്ടെന്നായിരുന്നു യുട്യൂബർ പറഞ്ഞത്. എന്നാൽ, പലരും ഗൗരിക്ക് പിന്തുണ നൽകി രംഗത്തുവന്നതോടെ കാർത്തിക് ഖേദ പ്രകടനം നടത്തുകയായിരുന്നു. ഗൗരി കിഷനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. അതേസമയം, തന്‍റെ നടപടിയെ ന്യായീകരിക്കുക കൂടിയാണ് കാർത്തിക് ചെയ്തത്. ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നുമായിരുന്നു കാര്‍ത്തികിന്‍റെ ന്യായീകരണം.