
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് സിനിമ. ഈ അവസരത്തിൽ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് അഭിമാനമായി കരുതുന്നുവെന്ന് പറയുകയാണ് നടി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
'വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം ആദരവും നന്ദിയും രേഖപ്പെടുത്തുന്നു.. ഗോപിചന്ദ് മാലിനേനി സാറിന് നന്ദി', എന്നാണ് നന്ദമുറി ബാലകൃഷ്ണയുടെ ഫോട്ടോ പങ്കുവച്ച് ഹണി റോസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഹണിക്ക് ആശംസകളുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പ് ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. വീരസിംഹ റെഡ്ഡി ജനുവരി 12ന് തിയറ്ററുകളിൽ എത്തും.
അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്‍കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് ഹണി റോസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.