
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരം പുറത്തുവന്നപ്പോൾ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി മലയാളികൾ കാത്തിരുന്നത്. പിന്നാലെ മോൺസ്റ്റർ എന്ന പേരും പ്രഖ്യാപിച്ചതോടെ ആ പ്രതീക്ഷ അകാംക്ഷയും ആവേശവുമായി മാറി സിനിമാസ്വാദകർക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ട് ദിവസം മുമ്പാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ലക്കി സിങ്ങായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസും ഒപ്പം കൂടി. ഭാമിനി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച് മോഹൻലാലിനൊപ്പം തിയറ്ററിൽ കയ്യടി നേടാൻ ഹണിക്ക് സാധിച്ചു.
വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ഹണി റോസിന്റെ കരിയർ ബെസ്റ്റ് കഥാപാത്രമാണ് മോൺസ്റ്ററിലേതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഈ അവസരത്തിൽ തന്റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ഹണി റോസ്. ഭാമിനിയെ പ്രശംസിച്ച് കൊണ്ടുള്ള വാർത്തകളും കമന്റുകളും പങ്കുവച്ച് കൊണ്ടായിരുന്നു നടിയുടെ നന്ദി പ്രകടനം. 'നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ വളരെ വിനീതനും നന്ദിയുള്ളവളുമാണ്', എന്നാണ് ഹണി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് തന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നതെന്നും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നുവെന്നും നേരത്തെ ഹണി പറഞ്ഞിരുന്നു.
ഒക്ടോബർ 21നാണ് മോൺസ്റ്റർ റിലീസ് ചെയ്തത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
സാമന്തയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ; ദീപാവലി ആശംസകളുമായി 'യശോദ' പോസ്റ്റര്‍