
മുംബൈ: ടിവി താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന കാമ്യ പഞ്ചാബി( Kamya Punjabi) കോൺഗ്രസിൽ(Congress) ചേർന്നു. ഇന്ന് ദാദർ വെസ്റ്റിലെ പാർട്ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷൻ ഭായ് ജഗ്തപിൽ( Bhai Jagtapl) നിന്ന് നടി പ്രാഥമികാംഗത്വം സ്വീകരിച്ചു. രാഷ്ട്രീയത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് കാമ്യ പറഞ്ഞു.
'വനിതാ ശാക്തീകരണത്തിലും ഗാർഹികാതിക്രമങ്ങൾക്കുമെതിരെ ശ്രദ്ധയൂന്നാനാണ് ആഗ്രഹം. വർഷങ്ങളോളം ഞാനും ഇതനുഭവിച്ചിരുന്നു. ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലെത്തുന്നത്. അധികാരത്തിനു വേണ്ടിയുള്ള ആർത്തിയല്ല, പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യം.അഭിനയത്തോടാണ് എന്റെ ആദ്യത്തെ സ്‌നേഹം. അത് തുടരും. തമാശയ്ക്കല്ല രാഷ്ട്രീയത്തിൽ ചേരുന്നത്. പണമുണ്ടാക്കാനോ അധികാരത്തിന്റെ ഭാഗമാകാനോ അല്ല. അതെനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്', കാമ്യ പഞ്ചാബി പറഞ്ഞു.
രാഷ്ട്രീയ നിരീക്ഷകൻ തെഹ്‌സീൻ പൂനവല്ലയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കാമ്യ പൗരമ്മാരെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് തെഹ്‌സീൻ പറഞ്ഞു. രണ്ടു ദശാബ്ദത്തിൽ ഏറെയായി ഹിന്ദി ടിവി സീരിയലിലൂടെ ശ്രദ്ധേയയാണ് കാമ്യ പഞ്ചാബി. മുപ്പതിലേറെ സീരിയലുകളിൽ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. കോൺഗ്രസിൽ ചേർന്ന താരത്തെ അഭിനന്ദിച്ചു കൊണ്ട് സഹപ്രവർത്തകർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.