Farm Laws|'നിയമങ്ങള്‍ പിന്‍വലിച്ചത് നാണക്കേട്'; നിരാശ പ്രകടിപ്പിച്ച് കങ്കണ

By Web TeamFirst Published Nov 19, 2021, 3:09 PM IST
Highlights

എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

ദില്ലി: വിവാദമായ കാർഷിക നിയമങ്ങള്‍(farm laws) പിന്‍വലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് നടി കങ്കണ റണാവത്ത്(Kangana Ranaut). തീരുമാനം നാണക്കേടായിപ്പോയെന്ന് നടി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിക്കുന്നു. ഇന്ന് രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

'ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' കങ്കണ കുറിച്ചു.

നേരത്തെ കർഷകർ നടത്തിയ സമരങ്ങൾക്കെതിരെ കങ്കണ രം​ഗത്തെത്തിയിരുന്നു. കർഷകസമരഭൂമിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ വാർത്ത പുറത്തു വന്നതിനു പിന്നാലെ കർഷക സമരത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള ദേശീയമാധ്യമത്തിന്റെ വാര്‍ത്ത പങ്കുവച്ച് പോപ് താരം റിഹാന രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് ആരും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാത്തതെന്നായിരുന്നു കർഷകസമരം എന്ന ഹാഷ് ടാഗോടെ റിഹാന പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ആയിരുന്നു കങ്കണയുടെ ട്വീറ്റ്.

‘കർഷക സമരത്തെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. കാരണം, സമരം ചെയ്യുന്നവർ കർഷകരല്ല, ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരർ ആണ് അവർ. അതോടെ ദുര്‍ബലമാകുന്ന വിഭജിത ഇന്ത്യയെ നിയന്ത്രണത്തിലാക്കാന്‍ ചൈനയ്ക്കു കഴിയുകയും ചെയ്യും. നിങ്ങളെ പോലെ രാജ്യത്തെ വില്‍ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. വിഡ്ഢി താങ്കൾ മിണ്ടാതിരിക്കൂ’, എന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. പിന്നാലെ നിരവധി പേർ നടിയ്ക്കെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.  പിന്നാലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ച് കര്‍ഷക സമരവുമായി ബന്ധപ്പെട്ട  കങ്കണയുടെ ട്വീറ്റുകള്‍ ട്വിറ്റർ നീക്കവും ചെയ്തിരുന്നു.

Read Also: കര്‍ഷകര്‍ തീവ്രവാദികള്‍, ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനി; വിവാദ പരാമര്‍ശവുമായി വീണ്ടും കങ്കണ

എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

click me!