ആ അതുല്യ പ്രതിഭയുടെ അവസാന ചിത്രത്തിന് ശബ്ദം പകരാനായത് എൻ്റെ പുണ്യം: ലളിതയെ ഓർത്ത് ലളിതശ്രീ

Published : Feb 23, 2022, 09:45 PM IST
ആ അതുല്യ പ്രതിഭയുടെ അവസാന ചിത്രത്തിന് ശബ്ദം പകരാനായത് എൻ്റെ പുണ്യം: ലളിതയെ ഓർത്ത് ലളിതശ്രീ

Synopsis

അന്തരിച്ച നടി കെപിഎസി ലളിതയുമായുള്ള തൻ്റെ ബന്ധവും തമിഴിൽ അവർ അവസാനമായി അഭിനിയച്ച ചിത്രത്തിന് ശബ്ദം നൽകാൻ അവസരം ലഭിച്ചതും ഓർത്തെടുക്കുകയാണ് മുൻകാല നടി ലളിതശ്രീ

അന്തരിച്ച നടി കെപിഎസി ലളിതയുമായുള്ള തൻ്റെ ബന്ധവും തമിഴിൽ അവർ അവസാനമായി അഭിനിയച്ച ചിത്രത്തിന് ശബ്ദം നൽകാൻ അവസരം ലഭിച്ചതും ഓർത്തെടുക്കുകയാണ് മുൻകാല നടി ലളിതശ്രീ... 

ലളിതമീ.. ശ്രീ 

ലളിതയുടെ ശബ്ദമായി മാറിയ ലളിത

കെ.പി.എസ്.സി ലളിതയെന്ന ആ മഹാപ്രതിഭയെ ഈ ലളിത ആദ്യമായി കാണുന്നത്  ഡോക്ടർ ബാലകൃഷ്ണൻ സാറിന്റെ മധുരം തിരുമധുരം എന്ന പടത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. അന്ന് വെറുതെ പരിചയപ്പെട്ടു എന്ന് മാത്രം. പിന്നീട് സുപ്രിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരിപോത്തൻ നിർമ്മിച്ച  “ വാടകയ്ക്ക് ഒരു ഹൃദയം” എന്ന ചിത്രം ഐ.വി.ശശി സാറിന്റെ സംവിധാനത്തിൽ ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ ചിത്രീകരണം നടക്കുന്നു. അവിടെ ജയഭാരതി, കനക ദുർഗ, ലളിത ചേച്ചി എല്ലാവരും ഉണ്ട്. അതിന്റെ ചിത്രീകരണ വേളയിൽ ചേച്ചിയുമായി കൂടുതൽ അടുത്തു.  

ജയഭാരതിയുടെ അടുത്തും ചേച്ചിയുടെ അടുത്തുമാണ് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ചിലവഴിക്കുക. അന്നൊക്കെ  ഉദയ സ്റ്റുഡിയോയിൽ അഭിനേതാക്കളും മറ്റു സാങ്കേതിക പ്രവർത്തകരും എല്ലാവരും ഒത്തു കൂടുമായിരുന്നു. നല്ല രസമായിരുന്നു. ഒരു ദിവസം അവിടേക്ക് സംവിധായകൻ ഭരതൻ വന്നു. ജയഭാരതിയോടും ലളിതചേച്ചിയോടും എന്തൊക്കെയോ സീരിയസായി  സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാനും കനക ദുർഗയും അവിടെ നിന്ന് മാറി നിന്നു. എന്നാൽ അവരുടെ സംസാരം ചർച്ച അങ്ങനെ നീണ്ടു പോയി. അദ്ദേഹം അന്ന് അത്താഴം ഞങ്ങളുടെ കൂടെയാണ് കഴിച്ചത്. അത്താഴം കഴിഞ്ഞും ഇവരുടെ സംസാരം തുടർന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. അറിയാൻ താല്പര്യവും കാണിച്ചില്ല. എനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഞാൻ അറിയാൻ ഉൽകണ്ഠ കാണിക്കാത്ത സ്വഭാവമാണ് അന്നും ഇന്നും. അന്ന് അർദ്ധരാത്രിയും ഇവർ സംസാരം തുടർന്നകാരണം എന്റെ ഉറക്കവും നഷ്ടപ്പെട്ടു. 

പുലർച്ചെ ലളിത ചേച്ചി അവരുടെ പെട്ടി എന്നെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു “ചെന്നൈയിൽ പോകുമ്പോൾ ഇത്  കൊണ്ട് പൊക്കോളൂ” എന്ന്. എന്നിട്ട് ചേച്ചി തിടുക്കത്തിൽ  ഭരതൻ സാറിന്റെ കൂടെ കാറിൽ പോയി. ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ജയഭാരതിയോട് ചോദിച്ചു. ചേച്ചിക്ക് പോകുമ്പോൾ കൊണ്ട് പോയാൽ പോരെ പെട്ടി എന്തിനാ എന്നെ ഏല്പിച്ചത് ?ജയഭാരതി അപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു. “എടീ മണ്ടി . അവർ രജിസ്റ്റർ മാര്യേജ് ചെയ്യാൻ എറണാകുളം പോകുകയാണ്. നിന്റെ വീടിന്റെ അടുത്തല്ലെ ലളിതയുടെ വീട്. നീ വീട്ടിൽ പോകുമ്പോൾ ഇത് അവരുടെ വീട്ടിൽ ഏൽപ്പിക്കുക . നീ എന്തായാലും  രണ്ട് ദിവസത്തിനുള്ളിൽ പോകുമല്ലോ” . അപ്പോഴാണ് അവർ വിവാഹം കഴിക്കാൻ പോയതാണ് എന്ന് ഞാൻ അറിയുന്നത്.
 
പിന്നീട് ആ സൗഹൃദം ലളിതചേച്ചി തുടർന്നു. ചേച്ചി ചെന്നൈയിൽ  ഒരു വീട് വച്ചു . അവിടെയാണ് ശ്രീകുട്ടിയും സിദ്ധാർഥും ജനിച്ചത്. മിക്ക ദിവസങ്ങളിലും വൈകുന്നേരം  ഞങ്ങൾ നടക്കാൻ ഇറങ്ങും. പിന്നീട് ഭരതൻ സാറിന്റെ സിനിമ പറങ്കിമലയിൽ അഭിനയിച്ച ശേഷം ലളിത ചേച്ചി കുറച്ചു നാൾ സിനിമയിൽ നിന്ന് വിട്ട് നിന്നു.  കുട്ടികൾ വലുതായ ശേഷമാണ് ചേച്ചി  അഭിനയത്തിലേക്ക് തിരിച്ചു വന്നത്. 

ചേച്ചിയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ഈയിടെ സംഭവിച്ചത് വളരെ ആകസ്മികമായി ആയിരുന്നു.  ഒരിക്കൽ ഒരു തമിഴ് പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് എന്നെ ജോലിക്ക് വിളിച്ചു. കൊറോണ ആയത് കൊണ്ടും പിന്നെ അതൊന്നും ഞാൻ ചെയ്താൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടും പോകാൻ കൂട്ടാക്കിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭാഗ്യലക്ഷ്മിയുടെ വിളി വന്നു. വളരെ സ്വാഭാവികമായി വിശേഷങ്ങൾ ചോദിക്കാൻ എന്ന വ്യാജേനയുള്ള ഒരു ഫോൺ വിളി. “ എന്തൊക്കെയുണ്ട് ചേച്ചി വിശേഷങ്ങൾ ” എന്ന് ചോദിച്ചപ്പോൾ “ എന്റെ ചുറ്റും കൊറോണയും ഞാനും “ എന്ന് മറുപടി പറഞ്ഞു. “ജോലിക്ക് ഒന്നും പോകാറില്ലേ ചേച്ചി ?”  എന്നായി അടുത്ത ചോദ്യം. “ ആകെ രണ്ട് തവണ വാക്സിൻ എടുക്കാനാണ്  പുറത്ത് ഇറങ്ങിയത് “ എന്നായി ഞാൻ. “ എന്റെ ചേച്ചി വീട്ടിൽ ഇരുന്നത് കൊണ്ട് കൊറോണ വരില്ല എന്നൊന്നും ഒരു ഉറപ്പും ഇല്ല. ഇനി വരാനാണ് യോഗം എങ്കിൽ അങ്ങ് വരട്ടെന്നു കരുതുക അത്ര തന്നെ” എന്ന് പറഞ്ഞുകൊണ്ട് ഒരു നീണ്ട ഉപദേശം. 

അവസാനം ഭാഗ്യലക്ഷ്മി മനസ്സിൽ വിചാരിച്ച കാര്യം സാധിച്ചെടുത്തു.  എന്റെ മനസ്സ് മാറ്റി എന്നെ ജോലിക്ക് പുറത്തേക്ക് കൊണ്ട് വരുന്ന അവസ്ഥയിൽ ആക്കി എടുത്തു. എന്നിട്ട് അവസാനം പറഞ്ഞു “പൊടിമോൾ (ഉർവശി ) ക്ക് ചേച്ചിടെ നമ്പർ കൊടുക്കുന്നുണ്ട്. അവൾ വിളിക്കും പോയി അവർ പറയുന്നത് ചെയ്തു കൊടുത്തേക്കൂ . 

അങ്ങനെ പിറ്റേന്ന് ഉർവശി വിളിച്ചു. കാര്യം പറഞ്ഞു. “ ചേച്ചി ഞാൻ ഒരു തമിഴ് പടത്തിൽ ഈയിടെ അഭിനയിച്ചു. “ വീട്ടിലെ വിശേഷം” എന്നാണ് ചിത്രത്തിന്റെ പേര്.  അതിൽ എന്റെ അമ്മായിയമ്മയായി അഭിനയിച്ചിരിക്കുന്നത് കെ പി എസ് സി ലളിതചേച്ചിയാണ്. ചേച്ചിക്ക് വേണ്ടി ലളിതചേച്ചിയൊന്നു ശബ്ദം കൊടുക്കണം.” ഉടനെ ഞാൻ പറഞ്ഞു “ അയ്യോ അതൊന്നും ശരിയാവില്ല. ആ തമിഴ് കമ്പനിക്കാർ എന്നെ വിളിച്ചതാണ് ശരിയാവില്ല എന്നത് കൊണ്ടാണ് ഞാൻ പോകാതെ ഇരുന്നത്. ” അന്നേരം ഉർവശി നിർബന്ധിച്ചു “ ചേച്ചി ചെയ്യണം” കലാരഞ്ജിനി പറഞ്ഞു “ ചേച്ചി ചെയ്താലേ ശരിയാവൂ” അവരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ആ മഹാ പ്രതിഭയുടെ അവസാന ചിത്രത്തിൽ അവരുടെ ശബ്ദമായിമാറി. ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത എനിക്ക് മറക്കാനാവാത്ത ഒരു ഓർമ. 

അഭിനയം കൊണ്ട് നമ്മെയെല്ലാം അമ്പരപ്പിച്ച്. അഭിനയിക്കാതെ തന്നെ വ്യത്യസ്തമായ ആ ശബ്ദം കൊണ്ട്  മാത്രം  ഒരു ചിത്രത്തിൽ സാന്നിദ്ധ്യമറിയിച്ച് നമ്മെയെല്ലാം അമ്പരപ്പിച്ച ചേച്ചിക്ക് ശബ്ദം കൊടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി തന്നെ കരുതുന്നു.  അതും ആ മഹാ പ്രതിഭയുടെ അവസാന ചിത്രത്തിൽ. നമ്മുടെയെല്ലാം മനസ്സിൽ എന്നും മായാത്ത ഓർമകൾ സമ്മാനിച്ചു മറഞ്ഞ ആ അതുല്യ പ്രതിഭയ്ക്ക് മുന്നിൽ എന്റെ പ്രണാമം.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്