'കണ്ണെഴുതി പൊട്ടും തൊട്ട്' സെറ്റിൽ തിലകൻ മഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു; ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിതം

Published : Sep 11, 2024, 12:40 PM ISTUpdated : Oct 04, 2024, 03:44 PM IST
'കണ്ണെഴുതി പൊട്ടും തൊട്ട്' സെറ്റിൽ തിലകൻ മഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു; ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിതം

Synopsis

കലോത്സവ വേദികളിലെ വിജയ വഴികളിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയതാണ് മഞ്ജു വാര്യർ. ഏതൊരു നായിക നടിയും മോഹിക്കുന്ന തരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് മഞ്ജുവിനായി മലയാള സിനിമ കാത്തുവച്ചത്.

ണ്ണെഴുതി പൊട്ടും തൊട്ട് സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ആദ്യ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ നടൻ തിലകൻ സംവിധായകൻ ടി കെ രാജീവ് കുമാറിനോട് പറഞ്ഞു... 'ഇവൾ അപകടകാരിയാണ്. ഞാനൊപ്പമില്ലാതെ അവരുടെ ഒരു ഷോട്ട് പോലും എടുത്തുപോകരുത്." പറഞ്ഞത് സാക്ഷാൽ തിലകനാണ്, മഞ്ജു വാര്യരെക്കുറിച്ച്.. മഞ്ജു വാര്യരുടെ അഭിനയം കണ്ടിഷ്ടപ്പെട്ട് അംഗീകാരമായി പറഞ്ഞ വാക്കുകളെന്ന് പിന്നീട് സംവിധായകൻ തന്നെ സാക്ഷ്യപ്പെടുത്തി...

കലോത്സവ വേദികളിലെ വിജയ വഴികളിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയതാണ് മഞ്ജു വാര്യർ. ഏതൊരു നായിക നടിയും മോഹിക്കുന്ന തരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് മഞ്ജുവിനായി മലയാള സിനിമ കാത്തുവച്ചത്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി സഹ താരവുമായുള്ള വിവാഹവും പിന്നാലെ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനവും. ഹേമ കമ്മറ്റി റിപ്പോർട്ടിലും പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളും മഞ്ജു വാര്യരുടെ ജീവിതവും കരിയറുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കാലത്തും മഞ്ജു പുലർത്തിയ അഭിപ്രായങ്ങളിലെ മിതത്വം പക്ഷേ ഈ സാഹചര്യത്തിൽ വലിയ വിമർശനങ്ങൾക്ക് വിധേയമായി. ഉദ്വേഗജനകമായ ഒരു സിനിമാ കഥപോലെ സംഭവബഹുമലാണ് മഞ്ജുവാര്യരുടെ കരിയറും ജീവിതവും.

2013ൽ അമിതാബ് ബച്ചൻ പങ്കുവച്ച ഒരു അനുഭവമുണ്ട്, കേരള ബ്രാൻഡിന്റെ ദേശീയ പരസ്യത്തിൽ അഭിനയിക്കുകയാണ് അദ്ദേഹം. മാധ്യമങ്ങളത്രയും ആ പരസ്യ സെറ്റിൽ തടിച്ചുകൂടിയിട്ടുണ്ട്. പക്ഷേ ആൾക്കൂട്ടത്തിനു കാണേണ്ടത് ബിഗ് ബിയെ ആയിരുന്നില്ല, കൂടെ അഭിനയിക്കാനെത്തിയ മഞ്ജു വാര്യരെയായിരുന്നു. നേരത്തെ മോഹൻലാലും ദിലീപുമൊക്കെ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും അതൊന്നും ഇത്ര വാർത്താപ്രാധാന്യം നേടിയിട്ടില്ല. പ്രേക്ഷകരുടെ ഈ സ്‌നേഹവായ്പുകളും മാധ്യമങ്ങളുടെ ശ്രദ്ധയും ബച്ചനെ അത്ഭുതപ്പെടുത്തി. ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ ശ്രദ്ധിക്കാതെ മാധ്യമങ്ങൾ മറ്റൊരാളുടെ പുറകെ പോയ അനുഭവം ആദ്യമാണെന്ന് ഫെയ്‌സ്ബുക്കിൽ പറഞ്ഞ ബച്ചൻ മഞ്ജുവിനെ മലയാളത്തിലെ സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിച്ചത്. 

1995-ൽ പതിനാറാം വയസ്സിലാണ് മഞ്ജു വാര്യർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നാല് വർഷം മാത്രം നീണ്ട, കരിയറിന്റെ ആദ്യ പാദത്തിൽ അഭിനയിച്ചത് 20 സിനിമകളിൽ. സല്ലാപത്തിലെ രാധ, ഈ പുഴയും കടന്നിലെ അഞ്ജലി, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവർണങ്ങളിലെ ആരതി, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്ര, കളിയാട്ടത്തിലെ താമര, പത്രത്തിലെ ദേവിക ശേഖർ അങ്ങനെ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ...

മോഹൻലാൽ അഭിനയിച്ച ആറാം തമ്പുരാന്റെ തലപ്പൊക്കത്തിനൊപ്പം നിന്ന മഞ്ജുവിന്റെ ഉണ്ണിമായ. മഞ്ജു വാര്യർക്ക് 'അയലത്തെ കുട്ടി' ഇമേജ് കൊടുത്ത സിനിമകളാണ് ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാൻ, പ്രണയവർണങ്ങൾ തുടങ്ങിയവ. എന്നാൽ അതേ കാലത്ത് തന്നെ ഈ ഇമേജിനെ ബ്രേക്ക്‌ ചെയ്യുന്ന സമ്മർ ഇൻ ബേത്ലെഹേം, തൂവൽ കൊട്ടാരം, കണ്ണെഴുതി പൊട്ടും തൊട്ട്, പോലെയുള്ള ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചു. അഭിനയത്തിലെ അനായസതയാണ് ഇമേജ് ബ്രെക്കിങ് എന്ന തോന്നലില്ലാതെ തന്നെ മഞ്ജുവിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയത്. തമാശയും കുസൃതിയും അഭിനയിക്കുമ്പോൾ മഞ്ജു കൈവശം വച്ച ഒതുക്കമാണ് ബത്ലഹേമിലെ ആമിയെ പൂർണ്ണയാക്കുന്നത്. കഥാപാത്രങ്ങൾക്ക് ലഭിച്ച സ്നേഹവും വരവേൽപും മഞ്ജു വാര്യർക്കും പ്രേക്ഷകർ നൽകിയിട്ടുണ്ട്.

1998-ൽ പത്തൊമ്പതാം വയസിൽ ദിലീപിനെ വിവാഹം കഴിച്ച് സിനിമയോട് വിടപറയാൻ മഞ്ജു വാര്യർ തീരുമാനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി. "ഇത് സിനിമാ ഷൂട്ടിംഗ് അല്ല, യാഥാർത്ഥ്യമാണ്" എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു-ദിലീപ് വിവാഹ വാർത്ത പത്രങ്ങളിൽ അച്ചടിച്ചുവന്നത്. നാല് വർഷത്തെ സിനിമാ ജീവിതത്തിന് ഇടവേളയിട്ട് പോകുമ്പോൾ ദേശീയ തലത്തിലും മഞ്ജു അംഗീകരിക്കപ്പെട്ടിരുന്നു.  വർഷങ്ങൾക്കിപ്പുറം 2015ൽ വിവാഹമോചിതയായ ശേഷം കണ്ണീരോടെ കോടതിവളപ്പിൽ നിന്നു പുറത്തുവരുന്ന മഞ്ജു വാര്യരെയും പ്രേക്ഷകർ കണ്ടു.

2014ൽ 'ഹൗ ഓൾഡ് ആർ യു'വിലുടെ മഞ്ജു നടത്തിയ തിരിച്ചു വരവ് മലയാളി പ്രേക്ഷകർ ഒന്നടങ്കം തിയേറ്ററുകളിൽ പോയാണ് ആഘോഷമാക്കിയത്. രണ്ടാം വരവിൽ 'ടെംപ്ലേറ്റ്' കഥാപാത്രങ്ങളിൽ പ്ലേസ് ചെയ്യപ്പെട്ടെങ്കിലും മഞ്ജു വാര്യരായി നിൽക്കാൻ ഓരോ സിനിമയിലും അവർക്കായിട്ടുണ്ടെന്ന് കാണാം. ഉദാഹരണം സുജാത, കെയർ ഓഫ് സൈറ ബാനു, ആയിഷ, ലൂസിഫർ, തമിഴിൽ 'അസുരൻ', 'തുനിവ്' വരെ മലയാളത്തിനകത്തും പുറത്തും മഞ്ജുവിന്റെ സ്റ്റാർഡം മാർക്കറ്റ് ചെയ്യപ്പെട്ടു. രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ ഗാനത്തിലും മഞ്ജുവിനെ ഏറ്റവും സ്റ്റൈലിഷായി കാണാം.

നടി ആക്രമിക്കപ്പെട്ട 2017ലെ സംഭവത്തിനു ശേഷം മലയാള സിനിമയിൽ ഒന്നാകെയുണ്ടായ മാറ്റത്തിനു മുന്നിലും മഞ്ജു വാര്യർ ഉറപ്പോടെയുണ്ടായിരുന്നു. സഹപ്രവർത്തക ആക്രമിക്കപ്പെട്ടതിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിക്കുന്നതും കേസിൽ 34-ാം സാക്ഷികൂടിയായ മഞ്ജു വാര്യരാണ്. പിന്നാലെ ദിലീപ് അറസ്റ്റിലാകുന്നതും മലയാള സിനിമയുടെ ഗതിമാറ്റവുമെല്ലാം തുടങ്ങുന്നത് മഞ്ജുവിൽ നിന്നു തന്നെ. കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യർ മാറിയത്.  

എന്നാൽ ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ വിവാദങ്ങളിലെ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗത്തെക്കുറിച്ചുള്ള പരാമർശം മഞ്ജുവിനെതിരെയാണെന്ന് വ്യാഖ്യാനങ്ങളോടോ വിമർശനങ്ങളോടെ താരം പ്രതികരിക്കാൻ തയ്യാറായില്ല. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നും മറിച്ചുപറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതുരീതിയാണെന്നുമുള്ള ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് 'അനിവാര്യമായ വിശദീകരണം' എന്ന കുറിപ്പോടെ പങ്കുവയ്ക്കുക മാത്രമായിരുന്നു വിമർശനങ്ങളോടുള്ള മഞ്ജുവിൻ്റെ മറുപടി. റിപ്പോർട്ട് പുറത്തുവന്ന് രണ്ടാഴ്‍ചയ്ക്കിപ്പുറമാണ് ഒരു പരസ്യപ്രതികരണത്തിനു പോലും മഞ്ജു വാര്യർ തയാറായത്.

വിവാദങ്ങളിൽ പ്രതികരിക്കണമെന്നത് നിർബന്ധിതമായ കാര്യമല്ല. എന്നാൽ സിനിമാറ്റിക് അല്ലെങ്കിലും മഞ്ജുവിൽ നിന്നും കൂടുതൽ ഉത്തരവാദിത്തപൂർണ്ണമായ മറുപടി പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മഞ്ജുവിന്റെ മൗനവും ചർച്ചയായത്. ഒഴിഞ്ഞുമാറാനൊക്കാത്തവണ്ണമുള്ള ഉത്തരവാദിത്തം മഞ്ജുവിന് മലയാള സിനിമയോടും പ്രേക്ഷകരോടും ഉണ്ട്.

മഞ്ജു വാര്യരിലെ അഭിനേത്രിയെയും സ്റ്റാറിനെയും എക്സ്പ്ലോർ ചെയ്യുന്ന കഥാപാത്രങ്ങളാണ് ഇനിയും വരാനിരിക്കുന്നത്. തലൈവർ രജനികാന്തിൻ്റെ കരിസ്മയ്ക്കും സ്ക്രീൻ പ്രസൻസിനുമൊപ്പത്തിനൊപ്പം നിൽക്കുന്ന മഞ്ജു വാര്യരെ വേട്ടയ്യനിലെ ഗാനത്തിൽ കണ്ട ആവേശത്തിലാണ് പ്രേക്ഷകർ. സമൂഹ മാധ്യമങ്ങളിൽ നേടുന്ന പാട്ട് ഗംഭീര പ്രതികരണത്തിനൊപ്പം ഇനിയും വരാനിരിക്കുന്ന ലൈനപ്പുകളും വലിയ പ്രതീക്ഷയാണ്. വെട്രിമാരൻ ചിത്രം വിടുതലൈ പാർട്ട് 2, എമ്പുരാൻ, ആര്യ നായകനാകുന്ന മിസ്റ്റർ എക്സ് അങ്ങനെ ഇന്ത്യൻ സിനിമ ഉറ്റുനോക്കുകയാണ് മഞ്ജു വാര്യരിലേയ്ക്ക്....

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്