
മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്(Actress Attack Case). നിലവിൽ കേസിന്റെ വിചാരണ നടക്കുകയാണ്. ഈ അവസരത്തിൽ തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് നടി തുറന്നുപറയുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത്(Barkha Dutt). വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വുമന്‍ ഓഫ് ഏഷ്യ' (We The Women of Asia)കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ നടി പങ്കെടുക്കുമെന്ന് ബര്‍ഖ അറിയിച്ചു.
'നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു.' ബര്‍ഖാ ദത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിന്റെ പോസ്റ്റര്‍ 'വി ദ വുമന്‍ ഏഷ്യ'യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് രണ്ട് മണിയോടെ നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും.
അടുത്തിടെയാണ് അതിജീവനശ്രമങ്ങളേക്കുറിച്ച് നടി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. "അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി", എന്നായിരുന്നു നടി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.