
അഭിനേത്രി എന്നതിനെക്കാൾ ഉപരി കുട്ടി അവതാരികയായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം ബിഗ് സ്ക്രീനിലും മീനാക്ഷി തിളങ്ങി. ഒപ്പം, അമർ അക്ബർ അന്തോണി, മോഹൻലാൽ തുടങ്ങി ഒരുപിടി മികച്ച സിനിമകളിൽ മീനാക്ഷി മികച്ച അഭിനയം കാഴ്ചവച്ച് കയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.
കോളേജിൽ ജോയിൻ ചെയ്തതിനെ കുറിച്ചാണ് മീനാക്ഷിയുടെ പോസ്റ്റ്. ജോയിൻ ചെയ്യാൻ പോയ വേളയിൽ ഡോക്യുമെന്റ് കൈമാറി കൊണ്ടുള്ള ഫോട്ടോയ്ക്ക് ഒപ്പം 'മണർകാട് സെൻ്റ് മേരീസ് കോളേജ്..ഞാനിങ്ങെടുക്കുവാ..', എന്നാണ് മീനാക്ഷി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇവർക്കെല്ലാം മീനാക്ഷി രസകരമായി മറുപടി നൽകിയിട്ടുമുണ്ട്.
"കോളേജിൻ്റെ ആധാരം ആണോ തരുന്നത്" എന്നാണ് ഒരാളുടെ കമന്റ്. "ഇതെന്റെ ആധാറിൻ്റെ കോപ്പിയാ അങ്ങോട്ട് കൊടുക്കുവാ" എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. "മീനുട്ടി ആവശ്യം കഴിഞ്ഞ് തിരിച്ചു അവിടെ തന്നെ വെച്ചേക്കണേ" എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. "3 വർഷം ഒന്ന് കഴിഞ്ഞോട്ടെ അവിടെ തന്നെ വെച്ചേക്കാം..", എന്ന് മീനാക്ഷിയും മറുപടി നൽകി. ഇത്തരത്തിൽ രസകരമായ കമന്റുകളും രസകരമായ മറുപടയുമാണ് താരത്തിന്റെ പോസ്റ്റിന് താഴെ ഉള്ളത്. നിരവധി പേർ മീനാക്ഷിയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
തമാശയല്ല, ഇച്ചിരി സീരിയസാ..; ധ്യാനിന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രെയിലർ എത്തി
അഖിൽ എസ്. കിരൺ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടെ ആണ് മീനാക്ഷി അഭിനയ രംഗത്ത് എത്തുന്നത്. ജമ്‌ന പ്യാരി , ആന മയിൽ ഒട്ടകം എന്നീ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. അമർ അക്ബർ അന്തോണിയിലെ പാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിർഷ സംവിധാം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കെപിഎസി ലളിത, നമിത പ്രമോദ് തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്തൊരു ചിത്രം ആയിരുന്നു ഒപ്പം. നന്ദിനി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ മീനാക്ഷി അവതരിപ്പിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..