
യക്ഷിയും ഞാനും എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്ന രാജ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള മേഘ്ന ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഈ സന്തോഷം മേഘ്ന പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
"മലയാളത്തിൽ ഇപ്പോഴൊരു സിനിമ ചെയ്യുന്നുണ്ട്. സുരേഷ് ഗോപി സാറിന്റെ ഒറ്റക്കൊമ്പൻ ആണത്. സിനിമയിൽ നിന്നും കുറച്ച് ബ്രേക്കെടുത്തതാണ്. വീണ്ടും സിനിമയിലേക്ക് വരുന്നു", എന്നായിരുന്നു മേഘ്ന ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് നിരവധിപേർ കമന്റിൽ കുറിച്ചിരിക്കുന്നത്.
യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിന് പുറമെ ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, മുല്ലമൊട്ടും മുന്തിരിച്ചാറും, റെഡ് വൈൻ, ഡോൾഫിൻ, ഹല്ലേലൂയ തുടങ്ങിയ മലയാള സിനിമകളിലും മേഘ്ന രാജ് അഭിനയിച്ചിട്ടുണ്ട്. കന്നഡ നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂണിൽ ചിരഞ്ജീവി മരിച്ചു. ഇതിന് ശേഷം വലിയൊരു ബ്രേക്ക് സിനിമയിൽ നിന്നും മേഘ്ന എടുത്തിരുന്നു. ഇവർക്കൊരു മകനുമുണ്ട്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇതിഹാസ കഥയെന്നാണ് ഒറ്റക്കൊമ്പനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ 2024 ഡിസംബറിൽ ആയിരുന്നു ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമഗണത്തിൽപ്പെടുന്ന ഒന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ