'നായകളുടെ കടി കൊള്ളണമെന്ന് ആരും പറഞ്ഞിട്ടില്ല, കെട്ടി തൂക്കുന്നതും റീത്ത് വയ്ക്കുന്നതും പൈശാചികം'; മൃദുല മുരളി

By Web TeamFirst Published Sep 16, 2022, 2:24 PM IST
Highlights

തെരുവ് നായ്ക്കളുടെ അക്രമണം ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധി അവയെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുന്നതോ അക്രമിക്കുന്നതോ അല്ലെന്ന് മൃദുല മുരളി പറയുന്നു.

സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം ദിനം പ്രതിവർദ്ധിക്കുന്ന സാഹചര്യത്തിൽ‌, ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിലാണ് അധകൃതർ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നിരവധി പേരാണ് തെരുവ് നായ ആക്രമണം കാരണം ആശുപത്രിയിൽ കഴിയുന്നത്. ഒരുഭാ​ഗത്ത് നായ്ക്കളെ കൊല്ലണമെന്ന് പറയുമ്പോൾ, മറുഭാ​ഗത്ത് തെരുവ് നായകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി മൃ​ഗസ്നേഹികളും രം​ഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി രം​ഗത്തെത്തുകയാണ് നടി മൃദുല മുരളി. 

തെരുവ് നായ്ക്കളുടെ അക്രമണം ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധി അവയെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുന്നതോ അക്രമിക്കുന്നതോ അല്ലെന്ന് മൃദുല മുരളി പറയുന്നു. വളരെ സെന്‍സിബിളും ലോജിക്കലും ആയ ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്. നായ സ്‌നേഹികള്‍ എന്ന് വിളിക്കുന്ന ആരും അക്രമ സ്വഭാവമുള്ള നായ്ക്കളുടെ കടി കൊള്ളണമെന്ന് പറഞ്ഞിട്ടില്ലെന്നും ആക്രമണത്തിന് ഇരയായവരുടെ മനോവികാരത്തെ വിലകുറച്ചോ മാനിക്കാതയോ അല്ല ഇതൊന്നും പറയുന്നതെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു നടിയുടെ പ്രതികരണം. തെരുവ് നായക്കളെ കൊല്ലുന്നത് നിര്‍ത്തണമെന്നും അവയെ സംരക്ഷിക്കണമെന്നും അവശ്യപ്പെട്ടുള്ള മൃദുലയുടെ പോസ്റ്റ് നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 

മൃദുലയുടെ വാക്കുകൾ ഇങ്ങനെ

അക്രമ സ്വഭാവമുള്ള നായ്ക്കളുടെ കടി കൊള്ളണമെന്ന് ഞാനോ, നിങ്ങളോ ഈ പട്ടി സ്‌നേഹികള്‍ എന്നു വിളിക്കുന്ന ആരും തന്നെ എവിടെയും പറഞ്ഞിട്ടില്ല. ഇതിന് വളരെ സെന്‍സിബിളും ലോജിക്കലും ആയ ദീര്‍ഘകാല പരിഹാരം വേണം എന്നാണ് ഞങ്ങളെല്ലാം പറയാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ഇതിനെന്താണ് പോംവഴി എന്നു ചോദിക്കുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ, പേ പിടിച്ചതും അക്രമ സ്വഭാവവുമുള്ളതുമായ നായ്ക്കളെ കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെ നേരിടണം.

അല്ലാതെ, മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരത്തെ വിലകുറച്ചോ മാനിക്കാതെയോ അല്ല ഇത് പറയുന്നത്. റോഡില്‍ കാണുന്ന നായകളെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല ഇതിന് പ്രതിവിധി. ഈ ആക്രമണങ്ങളെ ഗ്ലോറിഫൈ ചെയ്ത് റീത്ത് വയ്ക്കുകന്നതും കെട്ടിത്തൂക്കുന്നതും വളരെ പൈശാചികമായ രീതിയാണ്. ഇതാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. അധികൃതര്‍ ഈ പ്രശ്‌നം ഏറ്റെടുത്ത് ദീര്‍ഘകാല പരിഹാരം കണ്ടെത്തണം. ഇതിനു മുൻപും തെരുവ് നായ അക്രമണം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇതും കടന്നുപോകും, പിന്നെയും വീണ്ടും പ്രശ്‌നമാകും. അതല്ലല്ലോ നമുക്ക് വേണ്ടത്. ഇന്ന് കുറച്ചു പേർക്ക് ഇങ്ങനെ പറ്റി, നാളെയും മറ്റെന്നാളും ഇങ്ങനെ വരാതിരിക്കാന്‍ ശ്രമിക്കണം. 

‘മുന്തിയ കാറിൽ യാത്ര ചെയ്യുന്ന നിങ്ങൾക്കത് മനസിലാവില്ല’: മൃദുലയുടെ പോസ്റ്റിന് വിമർശനം

ഗോവയില്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിയ എബിസി രീതി ഇവിടെയും പെട്ടന്നു തന്നെ നടപ്പിലാക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ചെന്നൈയില്‍ ക്യാച്ച് ആന്‍ഡ് കില്‍ എന്ന രീതി വളരെ വര്‍ഷങ്ങള്‍ എടുത്തതിനു ശേഷമാണ് തെറ്റായ ഒന്നാണെന്ന് മനസ്സിലാക്കിയത്. ആ അവസ്ഥ നമുക്ക് ഉണ്ടാകരുത്. അധികൃതര്‍ ഈ വിഷയം ഏറ്റെടുത്ത് ഉടനെ തന്നെ പ്രവര്‍ത്തിക്കണം. കാല്‍നട യാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണം. അതിന്റെയൊരു പോംവഴി ഈ നായ്ക്കളെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതല്ല. 

കഴിഞ്ഞ ഒരാഴ്ചയായി പെറ്റ് ഹോസ്പിറ്റലില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു. എറണാകുളത്ത് ഒരു പെറ്റ് ഹോസ്പിറ്റല്‍ ഉണ്ട്. ഈയിടെയായി യാതൊരു ഉപദ്രവവുമില്ലാത്ത നായ്ക്കുട്ടികളുടെയും പൂച്ചകുട്ടികളുടെയും നട്ടെല്ല് ഒടിച്ച്, അല്ലെങ്കില്‍ മറ്റു ഹീനമായ രീതിയില്‍ ഇവയെ ആക്രമിക്കുന്ന പ്രവണത ആളുകളില്‍ കൂടുന്നതായി കണ്ടു. ആ ഹോസ്പിറ്റലില്‍ ഇങ്ങനെ പരുക്കേറ്റ് വരുന്ന മൃഗങ്ങളുടെ എണ്ണം വിചാരിക്കുന്നതിലും കൂടുതലാണ്. എറണാകുളത്തെ ഒരു ആശുപത്രിയില്‍ മാത്രമുള്ളതാണ് ഈ കണക്ക്. കേരളത്തില്‍ ഒന്നടങ്കമുള്ള പല ആശുപത്രികളിലും ഇതുപോലുള്ള കേസ് വരുന്നുണ്ട്. തെരുവില്‍ നിന്നുമുള്ള പത്തിരുപത്തഞ്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെ വീട്ടില്‍ വന്നുപോലും ആളുകള്‍ ഉപദ്രവിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഒരു ചേച്ചിയുടെ വീട്ടിലെ പട്ടിക്കുട്ടിയെ മനഃപൂര്‍വം വണ്ടി ഇടിച്ചുകൊല്ലുക, അക്രമിക്കുക ഇതൊന്നുമല്ല ഇതിന്റെ പോംവഴി. ഇതിനെതിരെയാണ് ഞങ്ങള്‍ പറയുന്നത്. 

അധികൃതര്‍ ശാസ്ത്രീയമായ രീതിയില്‍ ഈ വിഷയത്തെ ഏറ്റെടുക്കുക. ഈ ജീവനുകളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആരും പറയുന്നില്ല, പക്ഷേ ഉപദ്രവിക്കാതിരിക്കൂ. പേ പിടിച്ചതും അക്രമ സ്വഭാവവുമുള്ളതുമായ നായ്ക്കളെ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. അത് ചെയ്യൂ എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. അല്ലാതെ ജനങ്ങളുടെ ഒരു മനോവികാരവും ഞങ്ങള്‍ വില കുറച്ച് കാണുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അഭ്യർത്ഥിക്കുകയാണ്. 

click me!