ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ വിസ്‍മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് അരങ്ങേറുകയാണ്
വിസ്മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള പ്രോജക്റ്റ് ആണ് തുടക്കം. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്‍റെ സംവിധാനം. 2018 എന്ന വന്‍ ഹിറ്റിന് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മോഹന്‍ലാലും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ വിസ്മയ മോഹന്‍ലാലിനെപ്പറ്റി ചിത്രത്തിലെ ഒരു സഹതാരത്തിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അര്‍ജുന്‍ ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള അനുഭവം പറയുന്നത്.
അര്‍ജുന്‍ ഗോപാല്‍ പറയുന്നു
“തുടക്കത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ നല്ല ക്യാരക്റ്റര്‍ ആണ്. ജൂഡ് ഏട്ടനാണ് ആ ക്യാരക്റ്റര്‍ തരുന്നത്. അവിടെ വച്ചാണ് വിസ്മയയെ കാണുന്നത്. വിസ്മയയാണ് നായിക. മനസില്‍ നമുക്ക് ഒരു മുന്‍ധാരണ ഉണ്ടാവുമല്ലോ. പുള്ളിക്കാരി റിസര്‍വ്വ്ഡ് ആയിരിക്കും. അത്രയും വലിയ നടന്‍റെ മകള്‍ ആദ്യമായിട്ട് അഭിനയിക്കാന്‍ വരുന്നു, പുള്ളിക്കാരിയുടെ സെറ്റപ്പ് ഒക്കെ വേറെ ആയിരിക്കും എന്നൊക്കെ വിചാരിക്കുന്നിടത്ത് മൊത്തത്തില്‍ ഈ കഥയങ്ങ് പൊളിയും. പുള്ളിക്കാരി അടുത്ത് വന്നിരുന്നാല്‍, ഭയങ്കര ജോവിയല്‍ ആണ്. ആ സെറ്റിലെ ഓരോരുത്തരെയും പുള്ളിക്കാരിയായിട്ട് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. അത് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും കംഫര്‍ട്ടബിള്‍ ആക്കിയിരിക്കും. അടിപൊളിയാണ്. പുള്ളിക്കാരി മുന്നോട്ട് പോകുമ്പോള്‍ ഇങ്ങനെതന്നെ അടിപൊളി ആയിരിക്കും. നല്ല കുട്ടി. ക്യൂട്ട് ആണ്. അത് ഞാന്‍ മാത്രമല്ല, ആ സെറ്റില്‍ 100 പേരുണ്ടെങ്കില്‍ 100 പേരും പറയും നല്ല കൊച്ച് ആണെന്ന്”, അര്‍ജുന്‍ ഗോപാല്‍ പറയുന്നു.
ഈ വാരം തിയറ്ററുകളിലെത്തിയ ഫെയ്സസ് എന്ന ചിത്രത്തില്‍ അര്‍ജുന്‍ ഗോപാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിലാണ് വിസ്മയ മോഹന്‍ലാലിനെക്കുറിച്ചും നടന്‍ പറയുന്നത്. കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രമാണ് ഫെയ്സസ്. നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

