
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാർവതി തിരുവോത്ത് ചോദിച്ചു.
'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്ന കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ. അല്ലേ ? സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നിയമങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം. അല്ലേ? അതിൽ എന്താണ് കേരള മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നും ഇല്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയിട്ടുള്ളൂ', എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്. ഒപ്പം രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ച വാർത്തയും പാർവതി ഷെയർ ചെയ്തിട്ടുണ്ട്.
ഇന്നാണ് കേസുകളെല്ലാം അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്ന വിവരം പുറത്തുവന്നത്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തീരുമാനമെന്നും 21 കേസുകൾ അവസാനിപ്പിച്ചെന്നും പ്രത്യേക സംഘം റിപ്പോർട്ട് നൽകുക ആയിരുന്നു. ബാക്കി കേസുകൾ ഈ മാസം തന്നെ അവസാനിപ്പിക്കും.
ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകാത്തവരും ചില വനിതാ സിനിമാ പ്രവർത്തകരും പരാതി നൽകിയിരുന്നു. ഇത്തരത്തിൽ നാല്പത് കേസുകളാണ് എടുത്തതെങ്കിലും മുപ്പതോളം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ ഉൾപ്പടെയുള്ളവർക്ക് എതിരായ കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ