'എല്ലാ ജീവനും തുല്യപ്രാധാന്യം, മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റ്'; വിശദീകരണവുമായി സായ് പല്ലവി

By Nithya RobinsonFirst Published Jun 18, 2022, 11:06 PM IST
Highlights

താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.

ശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ(Sai Pallavi )  പരാമർശം വിവാദമായിരുന്നു. പിന്നാലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ താരത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തു. ഈ അവസരത്തിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി. 

താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് ലൈവ് വീഡിയോയിൽ പറഞ്ഞു. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.

ബജ്റംഗ്ദളിന്‍റെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു

സായ് പല്ലവിയുടെ വാക്കുകൾ

വളരെ ആലോചിച്ച് മാത്രം കാര്യങ്ങള്‍ പറയുന്ന ആളാണ് ഞാന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷക്കാരിയാണോ വലതുപക്ഷക്കാരിയാണോ എന്ന ചോദ്യമുണ്ടായി. നിഷ്പക്ഷ നിലപാടാണ് എനിക്കുള്ളത് എന്ന് കൃത്യമായി അവിടെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നില്‍ വലിയ സ്വാധീനം ചെലുത്തിയ രണ്ട് ഉദാഹരണങ്ങള്‍ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം കണ്ടതിന് ശേഷം അതിന്റെ സംവിധായകനോട് സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്. ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാന്‍ അസ്വസ്ഥയായി. അതിന് ശേഷം കൊവിഡ് കാലത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞു. ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു. ഒരു മെഡിക്കല്‍ ഗ്രാജുവേറ്റ് എന്ന നിലയ്ക്ക് എല്ലാ ജീവനും തുല്യപ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായിരിക്കുമ്പോള്‍ ആരെയും സംസ്‌കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. ആ അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായവരും സൈറ്റുകളും ചെറിയ വീഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. എന്താണ് ഞാൻ പറഞ്ഞതെന്ന് പോലു മനസ്സിലാക്കാതെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.

click me!