Asianet News MalayalamAsianet News Malayalam

ബജ്റംഗ്ദളിന്‍റെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പരാമര്‍ശത്തിൻ മേലുള്ള പരാതിയിലാണ് കേസ്

case registered against sai pallavi on bajrang dal complaint
Author
Hyderabad, First Published Jun 17, 2022, 5:00 PM IST

ഹൈദരാബാദ്: കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരില്‍ നടി സായ് പല്ലവിക്ക് എതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ബജറംഗ്ദളിന്‍റെ പരാതിയില്‍ ഹൈദരാബാദ് സുല്‍ത്താന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പരാമര്‍ശത്തിൻ മേലുള്ള പരാതിയിലാണ് കേസ്.

കശ്മീരി പണ്ഡിറ്റുകളും പശുവിന്റെ പേരിലെ കൊലകളും; പരാമർശത്തിൽ സായ് പല്ലവിക്കെതിരെ പരാതി

വിരാടപര്‍വം എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ഇന്‍റര്‍വ്യൂവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രസ്താവന. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞിരുന്നു. "ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി അതുപോലെ കാണണം. ഇതു രണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല" - ഇതായിരുന്നു സായ് പല്ലവി അഭിമുഖത്തിൽ പറ‍ഞ്ഞത്.

'അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളനെ ശിക്ഷിക്കുന്നതും ഒരുപോലെയോ?': സായ് പല്ലവിക്കെതിരെ വിജയശാന്തി

സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു. താരത്തിന്‍റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗ് പ്രചാരണവും തുടരുന്നുണ്ട്.

 

അതേസമയം തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെൻ്റിന്‍റെ കഥ പറയുന്ന ചിത്രമാണ് വീരാട പർവ്വം. 1990കളാണ് ചിത്രത്തിൽ കടന്നുവരുന്നത്. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കർ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുല രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീൻ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Follow Us:
Download App:
  • android
  • ios