
'എമ്പുരാന്' എതിരായ പ്രചരണങ്ങളിൽ പ്രതികരിച്ച് നടി സീമ ജി നായർ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പിന്തുണച്ചു കൊണ്ടാണ് സീമ ജി നായരുടെ പോസ്റ്റ്. ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വെക്കാനുള്ളതല്ലെന്നും പറയേണ്ടത് പറയാൻ കാണിച്ച ധൈര്യത്തിന് കയ്യടിയെന്നും പറഞ്ഞ് നിലപാട് വ്യക്തമാക്കിയാണ് താരത്തിന്റെ ഫെയ്‍സ്‍ബുക്ക് പോസ്റ്റ്.
''ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട് ... എത്രയൊക്കെ ഹേറ്റ് ക്യാംപെയ്ൻ വന്നാലും കാണേണ്ടവർ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം. ഇപ്പോൾ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു. ആരെ, ആരാണ് പേടിക്കേണ്ടത്? കൈകെട്ടി, കഴുത്തു കുനിച്ചു നിർത്തി, കഴുത്തു വെട്ടുന്ന രീതി അത് കേരളത്തിൽ വിലപ്പോകില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല, പറയേണ്ടപ്പോൾ, പറയേണ്ടത്, പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ 👏👏👏.
ഇവിടെ ആർക്കാണ് പൊള്ളിയത്? ആരുടെയെങ്കിലും പേര് ആരെങ്കിലും പറഞ്ഞോ? കോഴികട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞ് എന്തിനീ ബഹളം? സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയിൽ തമ്മിൽ അടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങൾ പോരട്ടെ. എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ? ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ', സീമ ജി നായർ കുറിച്ചു.
എമ്പുരാനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റിനു പിന്നാലെ തനിക്കെതിരെ വലിയ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതായും സീമ ജി നായർ പുതിയ പോസ്റ്റിൽ പറയുന്നു. ''തെറിയുടെ പൂമൂടൽ നടന്നുകൊണ്ടിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശില്ല. കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്. സിനിമയിൽ ചാൻസ് കിട്ടാൻ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല. സിനിമയില്ലേൽ സീരിയൽ, അതില്ലേൽ നാടകം, ഇനി അതുമില്ലേൽ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാൻ. സിനിമാ നടിയായി സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല'', എന്നും സീമ കുറിച്ചു.
വിവാദങ്ങള്‍ എമ്പുരാനെ ബാധിച്ചോ?, രണ്ടാം ദിവസം നേടിയത്, മലയാളത്തിന്റെ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ