'പതിനഞ്ച് മിനിറ്റ് നെഞ്ചിൽ അമർത്തിനോക്കി, രക്ഷിക്കാനുള്ള അവസാനശ്രമം'; സീമ ജി നായർ പറയുന്നു

Web Desk   | Asianet News
Published : Sep 09, 2021, 02:12 PM ISTUpdated : Sep 09, 2021, 02:27 PM IST
'പതിനഞ്ച് മിനിറ്റ് നെഞ്ചിൽ അമർത്തിനോക്കി, രക്ഷിക്കാനുള്ള അവസാനശ്രമം'; സീമ ജി നായർ പറയുന്നു

Synopsis

ചികിത്സയുടെ അവസാന ഘട്ടങ്ങളില്‍ ശരണ്യ ഒരുപാട് വേദന സഹിച്ചിരുന്നുവെന്ന് സീമ പറയുന്നു. 

കാൻസറിനോട് ധീരമായ പോരാട്ടം നടത്തി ഒടുവിൽ മരണത്തിന് കീഴടങ്ങിയ ശരണ്യയുടെ ഓർമകളിലാണ് ഇന്നും പ്രിയപ്പെട്ടവര്‍. രോഗം ഗുരുതരമായപ്പോഴും കൊവിഡിനെയും ന്യൂമോണിയയെയും വരെ അതിജീവിച്ച ശരണ്യ ശക്തമായി തിരിച്ചുവരുമെന്ന് എല്ലാവരിലും പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഓ​ഗസ്റ്റ് 9ന് ശരണ്യയുടെ വിയോ​ഗ വാർത്തയാണ് എല്ലാവരും കേട്ടത്. ശരണ്യയെ മകളെപ്പോലെ നോക്കി എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന വ്യക്തിയായിരുന്നു നടി സീമ ജി നായർ. ശരണ്യ മരിച്ച് ഒരുമാസം ആവുമ്പോൾ സീമ പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ചികിത്സയുടെ അവസാന ഘട്ടങ്ങളില്‍ ശരണ്യ ഒരുപാട് വേദന സഹിച്ചിരുന്നുവെന്ന് സീമ പറയുന്നു. ശരണ്യയുടെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് ഡോകടർമാർ പറഞ്ഞിരുന്നെങ്കിലും തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും സീമ പറഞ്ഞു.

സീമ ജി നായരുടെ വാക്കുകൾ

ശരണ്യയുടെ സഹോദരി രജിതയാണ് എന്നെ വിളിക്കുന്നത്. അവളുടെ അവസ്ഥ തീരെ മോശമാണെന്നും എത്രയും പെട്ടന്ന് തിരുവനന്തപുരത്ത് എത്തണമെന്നും പറഞ്ഞു. അരുതാത്ത ചിന്തകൾ എന്റെ മനസിൽ വന്നു തുടങ്ങി. പോകാനിറങ്ങുമ്പോൾ വണ്ടിയുടെ ഹോൺ പ്രവർത്തിക്കുന്നില്ല, എത്ര കാൽ കൊടുത്തിട്ടും വണ്ടിയുടെ സ്പീഡ് കുറഞ്ഞതുപോലൊരു തോന്നൽ. അങ്ങനെ ഒട്ടേറെ പ്രതിബന്ധങ്ങൾ എന്റെ മുന്നിൽ വന്നു.

ഇതെല്ലാം തരണം ചെയ്ത് ഞാൻ ആശുപത്രിയിലെത്തി. അവളുടെ അവസ്ഥ വളരെ മോശമായിരുന്നു. കോവിഡ് വാര്‍ഡ് ആയതിനാൽ ആരെയും അവിടെ താമസിപ്പിച്ചിരുന്നില്ല. ഞാനും രജിതയും അവിടെയും ഇവിടെയുമൊക്കെയായി അവൾക്കൊപ്പം തന്നെ നിൽക്കുമായിരുന്നു. ഒൻപതാം തിയതി എന്നോട് രജിത പറഞ്ഞു, റൂമിൽ പോയി വിശ്രമിച്ചുവരാൻ. അവർ കുറേ നിർബന്ധിച്ചപ്പോൾ ഞാൻ പോകാനിറങ്ങി. കാറിൽ കയറാൻ തുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ നിന്നും ഫോൺ വരുന്നത്.

ഐസിയുവില്‍ ഞാനോടിയെത്തുമ്പോള്‍ എല്ലാം അവസാനിക്കുകയായിരുന്നു. ഏകദേശം 12.25 സമയമായിട്ടുണ്ട്. കുറച്ച് പ്രശ്നമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പതിനഞ്ച് മിനിറ്റ് നെഞ്ചിൽ അമർത്തിനോക്കി രക്ഷിക്കാനുള്ള അവസാനശ്രമം. 12.40ന് അവർ പറഞ്ഞു, ‘ശരണ്യ പോയി’. ആ നിമിഷങ്ങൾ എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ഞങ്ങളുടെ കണ്‍മുന്നില്‍ കൂടി അവൾ വഴുതി പോകുന്നതുപോലെയായിരുന്നു. ഞാനും രജിതയുമാണ് റൂമിൽ ഉണ്ടായിരുന്നത്. മരണം സംഭവിച്ചതോടെ ആശുപത്രിയിൽ എല്ലാവരും അറിഞ്ഞു. അങ്ങനെ ആ വാർത്ത മാധ്യമങ്ങളിലുമെത്തി. എന്റെ മനസിലെ വിഷമം ഇതെങ്ങനെ അവളുടെ അമ്മയെ അറിയിക്കും എന്നതായിരുന്നു. 

ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച ശരണ്യയുടെ അമ്മ ഗീതയുടെ അവസ്ഥയായിരുന്നു. മരണം സംഭവിച്ച വിവരം അമ്മയെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടി. ആശുപത്രിയിലെ അവസാന നിമിഷങ്ങളിൽ അവളെ കാണാനുള്ള ധൈര്യം പോലും ആ മനസിനില്ലായിരുന്നു. എന്തു പറയണമെന്നറിയില്ല. അതായിരുന്നു അവസ്ഥ. ശരണ്യയുടെ ബന്ധുക്കൾ വീട്ടില്‍ ചെന്ന് അമ്മയെ ഇക്കാര്യം അറിയിക്കാമെന്ന തീരുമാനമെടുത്തു.  പക്ഷേ മാധ്യമങ്ങളിലൂടെ അമ്മയ്ക്ക് അതറിയേണ്ടി വന്നു. പിന്നെ അവിടെ സംഭവിച്ചത് കണ്ണീര്‍ നിമിഷങ്ങളാണ്.

ഞാനുൾപ്പടെ എല്ലാവരും ആശുപത്രിയിൽ മാനസികമായി തളർന്നിരിക്കുകയാണ്. ശരണ്യയ്ക്ക് വസ്ത്രം വേണമെന്ന് ആശുപത്രിയിൽ നിന്നും വന്നു പറഞ്ഞു. തൊട്ടടുത്തുള്ള ഷോപ്പിൽ നിന്ന് തൂവെള്ള ഗൗൺ ഞാൻ മേടിച്ചു. ‘രാജകുമാരിയെ പോലെ ഒരുക്കി അവളെ യാത്രയാക്കണം. അവളെ ഇതണിയിക്കണം’, എന്നു പറഞ്ഞ് ഗൗണ്‍ നഴ്‌സുമാര്‍ക്ക് നല്‍കി. ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി. അവൾക്കേറെ ഇഷ്മായിരുന്നു അങ്ങനെയുള്ള വസ്ത്രങ്ങൾ. അവളെ നല്ലതുപോലെ ഒരുക്കിയാണ് നഴ്സുമാർ ഞങ്ങൾക്കു തന്നത്.

ശരണ്യയെയും കൊണ്ട് വീട്ടിൽ ചെന്നപ്പോഴും വല്ലാത്ത അവസ്ഥയായിരുന്നു. ഈ ഷോക്കിൽ നിന്നും ആ അമ്മ ഇതുവരെയും മുക്തയായിട്ടില്ല. ശാന്തികവാടത്തിൽ തീനാളങ്ങൾ അവളെ ഏറ്റുവാങ്ങുമ്പോൾ എന്റെ മനസിലും വിങ്ങൽ അടങ്ങിയിരുന്നില്ല. മുൻജന്മത്തിൽ അവളുമായി ഉണ്ടായിരുന്ന ആത്മബന്ധങ്ങളുടെ ഫലം കൊണ്ടാകാം ജീവിതാവസാനം വരെ അവൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞത്.

പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പറഞ്ഞ് എന്നെ വിമർശിക്കുന്നവരുണ്ട്. അവരോടൊക്കെ ഒന്നേ പറയാനൊള്ളൂ. കഴിഞ്ഞ പത്ത് പതിനാല് വർഷമായി ഞാൻ ചെയ്ത കാര്യങ്ങളൊന്നും ആരെയും അറിയിച്ചിട്ടില്ല. ശരണ്യയ്ക്കു വേണ്ടി ചെയ്തതും ആരോടും പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ ചികിത്സയ്ക്കായി കൈനീട്ടിയപ്പോഴാണ് ഇതൊക്കെ ഏവരും അറിയുന്നത്. അതിനു മുമ്പ് ചെയ്ത കാര്യങ്ങൾ ഒരുപാടുണ്ട്. എന്നെ അടുത്തറിയുന്നവർക്ക് അറിയാം. അതൊരിക്കലും കൊട്ടിഘോഷിക്കാനോ വീമ്പിളക്കി പറയാനോ ഒന്നുമല്ല ഇതൊന്നും ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി