Churuli movie : 'ചുരുളി' വിലയിരുത്തും; കലാകാരന്‍റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുൻഗണനയെന്ന് എഡിജിപി

By Web TeamFirst Published Jan 12, 2022, 11:40 AM IST
Highlights

സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ പറഞ്ഞു. ഇന്ന് സമിതിയുടെ ആദ്യ യോഗം ചേർന്നു.

തിരുവനന്തപുരം: കലാകാരന്‍റെ സൃഷ്ടിപരമായ സ്വാതന്ത്യം കൂടി മുൻനിർത്തിയാകും ചുരുളി (Churuli Movie) സിനിമ കണ്ട് റിപ്പോർ‍ട്ട് തയ്യാറാക്കുകയെന്ന് എഡിജിപി കെ പത്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം 
സിനിമയില്‍ നിയമപരമല്ലാത്ത ഭാഷാ പ്രയോഗങ്ങളുണ്ടോയെന്നാണ് പരിശോധിക്കുക. റിപ്പോർട്ടിന്മേല്‍ ഹൈക്കോടതിയാകും അന്തിമ തീരുമാനമെടുക്കുക. സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ പറഞ്ഞു. ഇന്ന് സമിതിയുടെ ആദ്യ യോഗം ചേർന്നു.

ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയർത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിർക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി നൽകിയ ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് ഡിജിപി മൂന്ന് അംഗ സംഘത്തെ നിയോഗിക്കുക ആയിരുന്നു. 

ആവിഷ്ക്കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്നാകും സംഘം പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കുകയും ചെയ്യും. സെൻസർ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദർശിപ്പിക്കുന്നതെന്ന് നേരത്തെ സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമപ്രകാരം ഒടിടി റിലീസിന് സെൻസർ സർട്ടിഫിക്കറ്റ് ബാധകമല്ല. തിയേറ്റർ റിലീസിന് അണിയറക്കാ‌ർ ശ്രമിക്കുന്നുമില്ല. അത് കൊണ്ട് തന്നെ പൊലീസ് റിപ്പോർട്ടും കോടതിയുടെ തുടർ നടപടികളും ഏറെ ശ്രദ്ധേയമാണ്. 
 

click me!