
ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തെ കുറിച്ചുള്ള പോസ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് എത്തിയിരുന്നു. അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരും പിന്തുണ അറിയിച്ചത്. വെറുതെ പോസ്റ്റ് പങ്കുവയ്‍ക്കുക മാത്രം ചെയ്യുന്നതിന് എതിരെ നടൻ ജോയ് മാത്യു രംഗത്ത് എത്തുകയും വിമര്‍ശനം നേരിടുകയും ചെയ്‍തിരുന്നു. ഇതില്‍ തന്റെ നിലപാട് അന്നും ഇന്നും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു (Joy Mathew).
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ 'താങ്കൾ ആദ്യം തുടങ്ങൂ' എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല എന്നുമാണ് ജോയ് മാത്യു എഴുതിയിരിക്കുന്നത്.
‘ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല' എന്നാണ് ജോയ് മാത്യു കഴിഞ്ഞ ദിവസം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘നിങ്ങൾ ഒരു തുടക്കമാവട്ടെ‘, എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി രംഗത്തുവന്നിരുന്നു.
അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു നടിയുടെ കുറിപ്പ്. കുറ്റം ചെയ്‍തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദിയെന്നും നടി കുറിപ്പില്‍ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ