ആദിപുരുഷ് 'സീതാപഹരണ'ത്തെ ന്യായീകരിക്കുന്ന ചിത്രമാവുമെന്ന് സെയ്‍ഫ് അലി ഖാന്‍; ട്വിറ്ററില്‍ ബഹിഷ്‍കരണാഹ്വാനം

By Nirmal SudhakaranFirst Published Dec 5, 2020, 6:46 PM IST
Highlights

അസുര രാജാവായ രാവണനെ 'മാനുഷികമായ' കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്‍ഫ് പറഞ്ഞത്. 

ഓം റാവത്തിന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രമായ 'ആദിപുരുഷ്' വീണ്ടും വാര്‍ത്തകളില്‍. രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ പ്രഭാസും സെയ്‍ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത്. താന്‍ അവതരിപ്പിക്കുന്ന 'രാവണനോ'ട് ചിത്രത്തിനുള്ള സമീപനം എത്തരത്തിലുള്ളതാണെന്ന് സെയ്‍ഫ് അലി ഖാന്‍ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സെയ്‍ഫിനെതിരെ ട്വിറ്ററില്‍ ബഹിഷ്‍കരണാഹ്വാനവും ഉയര്‍ത്തുന്നുണ്ട് ഇവര്‍.

അസുര രാജാവായ രാവണനെ 'മാനുഷികമായ' കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്‍ഫ് പറഞ്ഞത്. "ഒരു അസുര രാജാവിനെ അവതരിപ്പിക്കുക ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ ചിത്രം ന്യായീകരിക്കും. രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്ക് രാമ സഹോദരനായ ലക്ഷ്‍മണന്‍ ഛേദിച്ചതല്ലേ", സെയ്‍ഫ് അഭിമുഖത്തില്‍ ചോദിക്കുന്നു.

അതേസമയം സെയ്‍ഫിന്‍റെ അഭിപ്രായ പ്രകടനത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററില്‍ ഒരു വിഭാഗം. സെയ്‍ഫിനെ ചിത്രത്തില്‍ നിന്ന് നീക്കണമെന്നും പകരം അക്ഷയ് കുമാറിനെയോ യഷിനെയോ ഒക്കെ ആ വേഷത്തിലേക്ക് പരിഗണിക്കണമെന്നും ചിലര്‍ പറയുന്നു. 'രാവണനെ ന്യായീകരിക്കുന്ന ചിത്രം' നിരോധിക്കണമെന്നും ട്വീറ്റ് ചെയ്യുന്നവര്‍ ഉണ്ട്. വിഷയം ചര്‍ച്ചയായതോടെ #WakeUpOmraut , #BoycottAdipurush തുടങ്ങി പല ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.


Remove as Ravana https://t.co/TeRMibegEn

— Bala koti (@itsBalakoti)

2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ പദ്ധതി. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും. 

click me!