
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പൊട്ടക്കുളത്തിലെ തവളയെന്ന് വിശേഷിപ്പിച്ച ഗായകന്‍ അഡ്നാന്‍ സാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഇത്തവണത്തെ ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയത് രാജമൌലി ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ആയിരുന്നു. ഈ പുരസ്കാര നേട്ടം തെലുങ്ക് ജനതയ്ക്ക് നല്‍കുന്ന അഭിമാനബോധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഭിനന്ദന ട്വീറ്റ്. ഇത് പങ്കുവച്ചുകൊണ്ടാണ് അഡ്നാന്‍ സാമി നടത്തിയ വിമര്‍ശനത്തിലെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
തെലുങ്ക് പതാക ഉയരത്തില്‍ പറക്കുകയാണ്. നമ്മുടെ നാടോടി പാരമ്പര്യത്തെ മനോഹരമായി ആഘോഷിക്കുന്ന, അന്തര്‍ദേശീയ തലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ച, ഒരു തെലുങ്ക് ഗാനത്തെക്കുറിച്ച് എന്നില്‍ അഭിമാനബോധം നിറയുകയാണ്. എസ് എസ് രാജമൌലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി എന്നിവര്‍ പ്രതിഭയെ പുനര്‍രചിച്ചിരിക്കുന്നു. എസ് എസ് രാജമൌലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി, ചന്ദ്രബോസ്, പ്രേം രക്ഷിത്, കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, കൂടാതെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. എന്നെയും ലോകമാകമാനമുള്ള കോടിക്കണക്കിന് തെലുങ്ക് ജനതയ്ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ഏറെ അഭിമാനമുണ്ടാക്കിയതിന് നന്ദി, എന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ്.
ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് അഡ്നാന്‍ സാമി വിവാദ പരാമര്‍ശം നടത്തിയത്. എന്തൊരു പ്രാദേശിക മനോഭാവമാണിത്? തന്‍റെ ചെറിയ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത പൊട്ടക്കുളത്തിലെ തവള! പ്രാദേശികമായ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യസ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനാവാത്തതിനും നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. ജയ് ഹിന്ദ്!, എന്നായിരുന്നു അഡ്നാന്‍ സാമിയുടെ പ്രതികരണം.
ഒരു മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഭാഷയാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്. ചില വിമര്‍ശനങ്ങളോടും ഇതേ സ്വരത്തില്‍ പ്രതികരിച്ച അഡ്നാന്‍ സാമി പിന്നാലെ വിശദീകരണവുമായും എത്തി. ഏതെങ്കിലും ഭാഷയെച്ചൊല്ലിയല്ല തന്‍റെ പ്രശ്നമെന്നും മറിച്ച് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് രാജ്യത്തെ എപ്പോഴും ഒന്നായി കാണേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അഡ്നാന്‍ സാമി ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ