Latest Videos

അഡ്വാന്‍സ് ബുക്കിംഗില്‍ വമ്പന്‍ മത്സരം, മുന്നിലാര്? 'ആവേശ'മോ 'വര്‍ഷങ്ങള്‍ക്ക് ശേഷ'മോ?

By Web TeamFirst Published Apr 8, 2024, 1:59 PM IST
Highlights

ഇരു ചിത്രങ്ങളും അഡ്വാന്‍സ് ബുക്കിംഗ് കാര്യമായ തിയറ്റര്‍ ചാര്‍ട്ടിംഗോടെ ആരംഭിച്ചിട്ടുണ്ട്

മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണിത്. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും ഭ്രമയുഗവും ആടുജീവിതവുമൊക്കെ നേടിയ ജനപ്രീതിക്ക് പിന്നാലെ മലയാള സിനിമയുടെ പ്രധാന സീസണുകളിലൊന്നായ വിഷു വരികയാണ്. മൂന്ന് പ്രധാന ചിത്രങ്ങളാണ് ഈ വിഷുവിന് മോളിവുഡില്‍ നിന്ന് എത്തുന്നത്. ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്ന ആവേശം, പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്നിവ. 

ഇതില്‍ ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും അഡ്വാന്‍സ് ബുക്കിംഗ് കാര്യമായ തിയറ്റര്‍ ചാര്‍ട്ടിംഗോടെ ആരംഭിച്ചിട്ടുണ്ട്. വിഷു ബോക്സ് ഓഫീസില്‍ വന്‍ മത്സരമാവും നടക്കുകയെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്കനുസരിച്ച് അവരുടെ പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ 24 മണിക്കൂറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിറ്റത് 12750 ടിക്കറ്റുകളാണ്. ആവേശമാവട്ടെ 18790 ടിക്കറ്റുകളിലും. വിവിധ ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് ഇതിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം നേടിയിരിക്കുന്നത് 30 ലക്ഷത്തിന് മുകളിലും ആവേശം നേടിയിരിക്കുന്നത് 50- 70 ലക്ഷവുമാണ്. കേരളത്തിലെ റിലീസിംഗ് സ്ക്രീനുകളുടെ എണ്ണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ആവേശമാണെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള അറിയിക്കുന്നു. 

റിലീസ് ദിനത്തില്‍ ഈ ചിത്രങ്ങള്‍ നേടുന്ന പ്രേക്ഷക പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സംവിധായകരുടെ ചിത്രങ്ങളായതിനാല്‍ സിനിമാലോകത്തിന് വലിയ പ്രതീക്ഷയാണ് വിഷു റിലീസുകളിന്മേല്‍ ഉള്ളത്. 

ALSO READ : പൂജ കൃഷ്‍ണ ബിഗ് ബോസിലേക്ക്; ഹൗസിലെ ഗെയിം എങ്ങനെയാവുമെന്ന് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!