ചരിത്രമായി അര്‍ധരാത്രിയിലെ ഓൺലൈൻ റിലീസ്; 'സൂഫിയും സുജാതയും' എത്തി, വ്യാജപതിപ്പും

By Web TeamFirst Published Jul 3, 2020, 7:30 AM IST
Highlights

ഓൺലൈൻ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമായി സൂഫിയും സുജാതയും. വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യയാണ് നായകൻ. 

കൊച്ചി: വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ് ഇന്നലെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്‌. 

ഓൺലൈൻ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമായി സൂഫിയും സുജാതയും. വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യയാണ് നായകൻ. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. ഓണ്‍ലൈൻ റിലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തീയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാൽ, തീരുമാനമെടുക്കേണ്ടിവന്ന സാഹചര്യം തീയേറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുന്നു എന്ന് വിജയ് ബാബു പറഞ്ഞു.

ഇതിനിടെ, നിർമ്മാതാക്കളുടെ എതിർപ്പ് നിലനിൽക്കെ മോഹൻലാൽ ചിത്രം ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തീരുമാനം നിർമ്മാതാക്കളുടെ സംഘടനയെ നേരത്തെ അറിയിച്ചിരുന്നു എന്ന് ജനറൽ സെക്രട്ടറി ആൻ്റോ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, നിർമ്മാതാക്കളുടെ സംഘടനയെ വെല്ലുവിളിച്ച് ചിത്രീകരണം തുടങ്ങില്ലെന്ന് സംവിധായകൻ ഒമർ ലുലു വ്യക്തമാക്കി. നിർമ്മാതാക്കൾ ഉടൻ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.

click me!