
ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് ഇതെന്നായിരുന്നു ആദ്യം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിമാനത്താവളത്തില്‍ ജനക്കൂട്ടം കൂടിയതതിനെത്തുടര്‍ന്ന് കാലിനേറ്റ പരിക്ക് കാരണമാണ് അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പുതിയ റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസും തമിഴ് ചാനലായ തന്തി ടിവിയുമൊക്കെ സമാന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
പദ്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതി ദ്രൌപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി ദില്ലിയില്‍ നിന്നും അജിത്ത് കുമാര്‍ എത്തിയത് ചെന്നൈ വിമാനത്താവളത്തില്‍ ആയിരുന്നു. വലിയ സംഘം ആരാധകരാണ് പ്രിയ താരത്തെ കാണാനായി ഇവിടെ കാത്തുനിന്നിരുന്നത്. അവിടെയുണ്ടായ തിക്കിലും തിരക്കിലും അജിത്തിന് കാലില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും ചെറിയ പരിക്ക് ആണ് അദ്ദേഹത്തിന് ഉള്ളതെന്നും അജിത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിസിയോതെറാപ്പിക്കായാണ് പ്രധാനമായും അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇന്ന് വൈകുന്നേരം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം അജിത്തിന്‍റെ മാനേജര്‍ ആയ സുരേഷ് ചന്ദ്രയില്‍ നിന്നുമുള്ള ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.
അതേസമയം അജിത്ത് കുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 'മാര്‍ക്ക് ആന്‍റണി'യുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
അതേസമയം നിലവില്‍ റേസിംഗില്‍ സ്വന്തം ടീമുമായി സജീവമായ അജിത്ത് കുമാര്‍ മുന്നോട്ടുള്ള കരിയര്‍ പ്ലാനിനെക്കുറിച്ച് അടുത്തിടെ വ്യക്തമാക്കിയിരുന്നു- "നിലവില്‍ മോട്ടോര്‍ സ്പോര്‍ട്സില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ ഇടപെടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിംഗ് സീസണ്‍ ആരംഭിക്കുന്നതുവരെ ഞാന്‍ പുതിയ ചിത്രങ്ങളുടെയൊന്നും കരാര്‍ ഒപ്പിടുന്നില്ല. ഒക്ടോബറിനും (അടുത്ത) റേസിംഗ് സീസണ്‍ ആരംഭിക്കുന്ന മാര്‍ച്ചിനും ഇടയില്‍ ഞാന്‍ സിനിമകളില്‍ അഭിനയിച്ചേക്കും. അതിനാല്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. അതിനാല്‍ റേസ് ചെയ്യുമ്പോള്‍ എനിക്ക് അതില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാനാവും. അജിത്ത് കുമാര്‍ റേസിംഗ് എന്ന സ്വന്തം ടീം രൂപീകരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി", അജിത്ത് കുമാര്‍ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ