
മോട്ടോര്‍ റേസിംഗിനോട് തമിഴ് താരം അജിത്ത് കുമാറിനുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റേസിംഗിനെ ഏറെ ഗൗരവത്തോടെ കാണുന്ന അദ്ദേഹം ദേശീയവും അന്തര്‍ദേശീയവുമായ പല ചാമ്പ്യന്‍ഷിപ്പുകളിലും ഇതിനകം പങ്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ എന്നതില്‍ ഒതുങ്ങാതെ ഒരു ടീം ഓണറാണ് നിലവില്‍ അദ്ദേഹം. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലാണ് ടീം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയും റേസിംഗും ഒപ്പം കൊണ്ടുപോവാന്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പറയുകയാണ് അജിത്ത് കുമാര്‍. ദുബൈയില്‍ പുരോഗമിക്കുന്ന 24 എച്ച് സിരീസ് റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അവിടെവച്ച് നല്‍കിയ അഭിമുഖത്തിലാണ് അജിത്ത് കുമാര്‍ റേസിംഗിനോടുള്ള തന്‍റെ അഭിനിവേശവും ജീവിതത്തിലെ പുതിയ തീരുമാനങ്ങളും വ്യക്തമാക്കുന്നത്.
"18 വയസില്‍ ഞാന്‍ ബൈക്ക് റേസിംഗില്‍ പങ്കെടുക്കാന്‍ തുടങ്ങി. പിന്നീട് ജോലിയുടെ തിരക്കായി. 20- 21 വയസില്‍ വീണ്ടും ആ താല്‍പര്യം പൊടിതട്ടിയെടുത്തു. പിന്നീട് സിനിമകളുടെ തിരക്കായി. 32-ാം വയസിലാണ് മോട്ടോര്‍ റേസിംഗിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ ബൈക്കുകള്‍ക്ക് പകരം കാര്‍ റേസിംഗിലേക്ക് കടക്കണമെന്നാണ് അപ്പോള്‍ തീരുമാനിച്ചത്. ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യ ചാമ്പന്‍ഷിപ്പിലും പല കാലങ്ങളിലായി നേരത്തേ പങ്കെടുത്തിട്ടുണ്ട്. 2004 ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3 ല്‍ പങ്കെടുത്തു. സിനിമാ തിരക്കുകള്‍ കാരണം സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2010 ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ പങ്കെടുത്തു. അവിടെയും സിനിമാ തിരക്ക് കാരണം സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല", അജിത്ത് കുമാര്‍ പറയുന്നു.
റേസിംഗില്‍ പങ്കെടുക്കുന്നതിന് സിനിമാ നിര്‍മ്മാതാക്കളുമായുള്ള കരാര്‍ തടസമാവുന്നുണ്ടോ എന്ന അവതാരകന്‍റെ ചോദ്യത്തിന് അജിത്ത് കുമാറിന്‍റെ മറുപടി ഇങ്ങനെ- "എന്ത് ചെയ്യണം, ചെയ്യരുത് എന്ന് മറ്റുള്ളവര്‍ എന്നോട് പറയേണ്ട കാര്യമില്ല. നിലവില്‍ മോട്ടോര്‍ സ്പോര്‍ട്സില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ ഇടപെടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിംഗ് സീസണ്‍ ആരംഭിക്കുന്നതുവരെ ഞാന്‍ പുതിയ ചിത്രങ്ങളുടെയൊന്നും കരാര്‍ ഒപ്പിടുന്നില്ല. ഒക്ടോബറിനും (അടുത്ത) റേസിംഗ് സീസണ്‍ ആരംഭിക്കുന്ന മാര്‍ച്ചിനും ഇടയില്‍ ഞാന്‍ സിനിമകളില്‍ അഭിനയിച്ചേക്കും. അതിനാല്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. അതിനാല്‍ റേസ് ചെയ്യുമ്പോള്‍ എനിക്ക് അതില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാനാവും. അജിത്ത് കുമാര്‍ റേസിംഗ് എന്ന സ്വന്തം ടീം രൂപീകരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി", അജിത്ത് കുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു.
ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ