ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബെസ്റ്റി. മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയ്ക്ക് ശേഷം ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. പത്തിരിപ്പാട്ടിനു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ടും ആസ്വാദകര്‍ ഏറ്റെടുക്കുകയാണ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് ബെസ്റ്റി പ്രദർശനത്തിനെത്തുന്നത്. 

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒ എം കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീതസംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്. ഷഹജ മലപ്പുറം ആണ് ഈ പാട്ട് പാടിയത്. മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹ മാധ്യമ പേജിലൂടെ മോഹൻലാലാണ് റിലീസ് ചെയ്തത്. അഫ്സലും സിയ ഉൽ ഹഖും ഫാരിഷ ഹുസൈനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ജലീൽ കെ ബാവയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അൻവർ അമൻ ആണ്. 

മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുന്ന ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം അടുത്ത ദിവസം പുറത്തിറങ്ങും. ഷഹീൻ സിദ്ദിഖ്, അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗർവാൾ, അബു സലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദ്ദിഖ്, ഉണ്ണി രാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിംഗും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവ്വഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു. ബെസ്റ്റി ഈ മാസം 24 ന് ബെൻസി റിലീസ് തിയറ്ററുകളില്‍ എത്തിക്കും.

Manchadi Kadavil | Besty |Video Song| Shaanu Samad | Afsal | Ziya ul haq | Farisha | K V Abdul Nazar

ALSO READ : മലയാളത്തില്‍ നിന്ന് ക്രിക്കറ്റ് പശ്ചാത്തലമാക്കുന്ന സ്പോര്‍ട്‍സ് മൂവി വരുന്നു