വിജയ് 'വാരിസി'ന്റെ വിജയമാഘോഷിച്ചു, അജിത്ത് ആഘോഷിക്കാനില്ല, കാരണം ഇതാണ്

By Web TeamFirst Published Jan 22, 2023, 11:27 AM IST
Highlights

അജിത്ത് 'തുനിവി'ന്റെ വിജയം ആഘോഷിക്കാത്തതിന്റെ കാരണം ഇതാണ്.

വിജയ് നായകനായ 'വാരിസും' അജിത്തിന്റെ 'തുനിവും' ഒരേ ദിവസമാണ് റിലീസ് ചെയ്‍തത്. 'വാരിസും' 'തുനിവും' മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നേടിയത്. 'വാരിസി'ന്റെ വിജയം വിജയ് ആഘോഷിക്കുന്നതിന്റെ ഫോട്ടോകളും ഇന്ന് പുറത്തുവന്നിരുന്നു. 'തുനിവി'ന്റെ വിജയം അജിത്ത് ആഘോഷിക്കില്ല എന്നാണ് തമിഴകത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

'തുനിവി'ന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകൻ ലോറിയില്‍ നിന്ന് വീണു മരിച്ചിരുന്നു. മദ്യപിച്ചതിന്റെ പേരില്‍, 'തുനിവ്‍' കാണാൻ തിയറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ മനംനൊന്ത് മറ്റൊരു ആരാധകൻ ആത്മഹത്യയും ചെയ്‍തിരുന്നു. ഇക്കാരണങ്ങളാല്‍ അജിത്ത് 'തുനിവി'ന്റെ വിജയമാഘോഷിക്കാൻ തയ്യാറാല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫാൻസ് അസോസിയേഷനുകളെ പിരിച്ചുവിട്ടിരുന്നെങ്കിലും ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാനൊക്കെ അജിത്ത് തയ്യാറാകാറുണ്ട്.

എച്ച് വിനോദാണ് 'തുനിവ്' സംവിധാനം ചെയ്‍തത്. എച്ച് വിനോദിന്റേത് തന്നെ തിരക്കഥയും. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നെറ്റ്‍ഫ്ലിക്സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്.

അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‍നേശ് ശിവനാണ്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'വാരിസി'ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍

click me!